ഗുരുവായൂർ: മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ 11 ദിവസമായി തുടർന്നു വന്നിരുന്ന മഹാരുദ്രയജ്ഞത്തിന് വസോർധാരയോടെ സമാപനമായി. യജ്ഞ പുണ്യം നുകരാൻ ആയിരങ്ങളാണ് ക്ഷേത്ര സന്നിധിയിലെത്തിയത്. രാവിലെ അഞ്ചിനാണ് ചടങ്ങുകൾക്ക് തുടക്കമായത്.

പ്രത്യേകം തയ്യാറാക്കിയ യജ്ഞ മണ്ഡപത്തിൽ 11 വെള്ളി കുംഭങ്ങളിൽ എണ്ണ, പഞ്ചാമൃതം, പഞ്ചഗവ്യം, നെയ്യ്, പാൽ, തൈര്, തേൻ, കരിമ്പിൻ നീര്, ചെറുനാരങ്ങ നീര്, ഇളനീർ, അഷ്ടഗന്ധജലം എന്നിവ നിറച്ച് 11 വേദജ്ഞർ ശ്രീരുദ്രമന്ത്രം ജപിച്ച ശേഷമായിരുന്നു വസോർധാര. ധാരമുറിയാതെ ഹോമകുണ്ഠത്തിലേക്ക് ശുദ്ധമായ പശുവിൻ നെയ്യ് ഹോമിക്കുന്ന വസോർധാരയോടെ യജ്ഞം സമാപിച്ചു.

വസോർധാരയ്ക്കും അഭിഷേകത്തിനും ക്ഷേത്രം തന്ത്രി ചേന്നാസ് ശ്രീകാന്ത് നമ്പൂതിരിപ്പാട് കാർമ്മികത്വം നൽകി. മഹാരുദ്രയജ്ഞത്തോട് അനുബന്ധിച്ച് മഹാവിഷ്ണുവിന് പ്രത്യേക പൂജകൾ, നവകാഭിഷേകം. ഭഗവതി, ഗണപതി, അയ്യപ്പൻ, മുരുകൻ എന്നീ ഉപദേവന്മാർക്ക് നവകാഭിഷേകം, നിറമാല, ചുറ്റുവിളക്ക്, നാഗക്കാവിൽ നാഗപ്പാട്ട്, സർപ്പബലി എന്നിവയുമുണ്ടായി. നാഗക്കാവിലെ നാഗപ്പാട്ട്, നാവോർപ്പാട്ട്, സർപ്പബലി എന്നിവക്കും ഇന്നലെ സമാപനമായി.

ക്ഷേത്ര മണ്ഡപത്തിൽ നടന്നു വന്നിരുന്ന കലാപരിപാടികൾക്കും തിരശ്ശില വീണു. രാവിലെ മുതൽ നടന്ന പ്രസാദ ഊട്ടിൽ 2500 പേർ പങ്കെടുത്തു. മഹാരുദ്രയജ്ഞത്തിന്റെ ആദ്യ ദിവസം മുതൽ ക്ഷേത്രത്തിൽ പാഠകം നടത്തിയ കലാമണ്ഡലം ഈശ്വരനുണ്ണിയെ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ പൊന്നാടയും, ഉപഹാരവും നൽകി ആദരിച്ചു.