കൊടുങ്ങല്ലൂർ: അഴീക്കോട് നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട ഫൈബർ വഞ്ചി എൻജിൻ തകരാറിലായി കടലിൽ അകപ്പെട്ടു. അഴീക്കോട് തീരദേശ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തീരദേശ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി.ആർ. ബിജോയിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം ആഴക്കടലിലെത്തി തൊഴിലാളികളെ രക്ഷിച്ച് കരക്കെത്തിച്ചു. കാര സ്വദേശികളായ പൂതംവീട്ടിൽ ആനന്ദൻ, സുഭാഷ് എന്നിവരെയാണ് തീരദേശ പൊലീസ് രക്ഷപ്പെടുത്തിയത്.
ലൈറ്റ് ഹൗസ് കടൽതീരത്ത് നിന്നും 8 നോട്ടിക്കൽ പടിഞ്ഞാറ് മാറി എൻജിന്റെ പ്രവർത്തനം നിലച്ച് ഒഴുകി നടക്കുന്ന നിലയിലായിരുന്നു ഇവരുടെ ഫൈബർ വഞ്ചി. മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മറ്റു മത്സ്യത്തൊഴിലാളികൾ ഈ വിവരം തീരദേശ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് അവിടുത്തെ ഫാസ്റ്റ് ഇന്റർ സ്പെറ്റർ ബോട്ടിൽ സി.ഐ പി.ആർ. ബിജോയിയും എ.എസ്.ഐ മാത്യൂ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഇ.ആർ. ഷിനിൽകമാർ, സി.പി.ഒ ഷിബു ഡാനിയൽ എന്നിവരെത്തിയാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്. ബോട്ട് കമാന്റർ ഹരികുമാർ, ബോട്ട് ക്രൂസ്സായ ജോമ്പിൻ, വിപിൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. രാത്രി 10 ഓടുകൂടി ഫൈബർ വഞ്ചി പൊലീസ് ബോട്ടിൽ കെട്ടിവലിച്ച് അഴീക്കോടെത്തിച്ചു.