തൃശൂർ: ക്രൈസ്തവ സഭയുടെ മേൽനോട്ടത്തിലുള്ള ആശുപത്രികൾ സാമൂഹിക പ്രതിബദ്ധതയോടെയാണ് സേവനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിന് ലഭിച്ച എൻ.എ.ബി.എച്ച് അംഗീകാര സമർപ്പണം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ രംഗത്തു കേരളം മഹത്തായ നേട്ടങ്ങൾ കൈവരിച്ചതിനു പിറകിൽ ഈ സ്ഥാപനങ്ങളുടെ സേവനങ്ങൾ വിസ്മരിക്കാനാവില്ലെന്നും പിണറായി പറഞ്ഞു.

മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ എന്നിവർ പങ്കെടുത്തു. ആധുനികവത്കരിച്ച ഗാസ്‌ട്രോഎന്ററോളജി വിഭാഗത്തിന്റെയും പാലിയേറ്റീവ് കെയറിന്റെയും ഇ ബസ് സംവിധാനത്തിന്റെയും ഉദ്ഘാടനവും ഇതോടനുബന്ധിച്ചു നടന്നു.

സി.എം.ഐ സഭയുടെ പ്രിയോർ ജനറൽ റവ. ഡോ. പോൾ ആച്ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. എൻ.എ.ബി.എച്ച് സീനിയർ ഡയറക്ടർ ഡോ. ഗായത്രി മഹേന്ദ്രു, പ്രോവിൻഷ്യാൾ ഫാ. വാൾട്ടർ തേലപ്പിള്ളി സി.എം.ഐ, പി.കെ. ബിജു എം.പി, അനിൽ അക്കര എം.എൽ.എ, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ജയചന്ദ്രൻ, അമല ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി, ജോയിന്റ് ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, അസോസിയേറ്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ എന്നിവർ പ്രസംഗിച്ചു.