മാള: കുഴൂരിലേക്ക് പോയ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ വലിയപറമ്പിൽ കാത്തുനിന്ന ബി.ജെ.പി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കരുതൽ തടങ്കൽ എന്ന നിലയിലാണ് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുമ്പോൾ കൊടി കാണിച്ച് പ്രതിഷേധിക്കാനായിരുന്നു ബി.ജെ.പി തീരുമാനിച്ചിരുന്നത്. മുൻകൂട്ടി തീരുമാനം അറിയിച്ചതോടെ വലിയപറമ്പ് മുതൽ കുഴൂരിലെ ഉദ്ഘാടന വേദി വരെ കനത്ത പൊലീസ് സന്നാഹമുണ്ടായിരുന്നു. മുഖ്യമന്ത്രി എത്തുന്നതിന് അര മണിക്കൂർ മുമ്പ് തന്നെ ബി.ജെ.പിക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.