തൃശൂർ: സർട്ടിഫിക്കറ്റില്ലാത്തവരെല്ലാം ചികിത്സിക്കാൻ അയോഗ്യരാണെന്ന് കണക്കാക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പോർട്‌സ് ആയുർവേദ ആൻഡ് റിസർച്ച് ആശുപത്രി, ഔഷധി പഞ്ചകർമ്മ ആൻഡ് റിസർച്ച് ആശുപത്രി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. അലോപ്പതി ചികിത്സയിൽ ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ച ഒരു കുട്ടിയുടെ ഡിസ്‌ക് തകരാർ വൈദ്യൻ ഉഴിച്ചിലിലൂടെ മാറ്റിയ ഒരു സംഭവം മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പരോക്ഷ വിമർശനം. ശാസ്ത്രകുതുകികൾ പോലും ആയുർവേദ ചികിത്സാ മേഖലയിൽ ഉത്തരം കാണാൻ പ്രയാസപ്പെടാറുണ്ട്.

നമ്മൾ പഠിച്ചതും അറിഞ്ഞതും മാത്രമാണ് യഥാർത്ഥ ചികിത്സാ രീതിയെന്നത് വസ്തുതയാണ്. എന്നു കരുതി ഇത്തരം വൈദ്യൻമാരോട് കാണിച്ചാട്ടെ സർട്ടിഫിക്കറ്റ് എന്നു ചോദിച്ചാൽ കാണിക്കാനുണ്ടാകില്ല. അതേ സമയം ഇത്തരക്കാരുടെ അടുത്ത് നിന്ന് എത്രയാളുകളാണ് ചികിത്സിച്ച് ഭേദമായി പോയിട്ടുള്ളത്. ഇതാണ് നാം മനസിലാക്കേണ്ടത്. ആയുർവേദം എന്നത് കടൽപോലെയുള്ള അറിവിന്റെ രംഗമാണ്. നമ്മളതിൽ ചെറിയൊരു ഭാഗം ഓരോരുത്തരും മനസിലാക്കിയിട്ടുണ്ട്. ചികിത്സ നടത്തുന്നവർ അറിവ് എവിടുന്നായാലും സ്വീകരിക്കാൻ തയ്യാറാകണം. എല്ലാ അറിവുമായി എന്ന ധാരണയിൽ നിൽക്കരുത്. പല അനുഭവങ്ങളും അത് ശരിയല്ലെന്നാണ് കണ്ടിട്ടുള്ളത്.

ചികിത്സിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അറിവുകൾ സമ്പാദിക്കാനുള്ള ത്വര ഉണ്ടാകണം. ഇതേക്കുറിച്ച് കൂടുതൽ പറഞ്ഞാൽ ഇവിടെയുള്ള കുറേ പേർക്ക് എതിരായി പോകുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിഷയം മാറ്റി. നമ്മുടെ നാടിന്റെ തനതായ ശീലമാണ് ആയുർവേദം. ജനിച്ച കുട്ടിക്ക് തേനുംവയമ്പും നൽകുന്നതുമുതൽ ആ ശീലം തുടങ്ങുന്നു. ഉപയോഗിച്ചുവരുന്നതിനേക്കാളും വലിയ അറിവ് എവിടെയെങ്കിലും അറിയാതെ കിടക്കുന്നുണ്ടെങ്കിൽ അതു കണ്ടെത്തണം. ഇതിനായി ഗവേഷണം നടത്താൻ സർക്കാർ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ.കെ. ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. സ്യൂട്ട് റൂമിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാറും അഡ്മിനിസ്‌ട്രേഷൻ ബ്‌ളോക്കിന്റെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീനും നിർവഹിച്ചു. സി.എൻ. ജയദേവൻ എം.പി, മേയർ അജിത വിജയൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഔഷധി ചെയർമാൻ കെ.ആർ. വിശ്വംഭരൻ എന്നിവർ സംസാരിച്ചു.