rishika
റിഷിക

പെരിങ്ങോട്ടുകര: ശ്രുതി മധുരമായ ഗാനത്തിന്റെ അലയടികൾ കേട്ടു കൊണ്ടു മാത്രമേ മച്ചിങ്ങൽ വീട്ടിലേക്ക് കയറി ചെല്ലാനാകൂ. ഇതാണ് ഇരുപത്തിയാറുകാരിയായ റിഷികയുടെ വീട്. സ്വതസിദ്ധമായ കഴിവിലൂടെ ഗാനാലാപനത്തിൽ ആത്മ സംതൃപ്തി കണ്ടെത്തി വേദനകളെ മറച്ചു വെച്ചു കൊണ്ട് പുഞ്ചിരിക്കുന്ന മുഖവുമായി റിഷിക പാടുകയാണ്, ആരെയും ആകർഷിക്കുന്ന സ്വരമാധുരിയാണ് റിഷികയ്ക്ക്.

ഒമ്പതാമത്തെ വയസ്സിലാണ് റിഷികയ്ക്ക് മസിലുകൾ ക്ഷയിക്കുന്ന രോഗം പിടിപെടുന്നത്. പിന്നീടങ്ങോട്ട് പരസഹായത്തിലാണ് ദൈനംദിന കാര്യങ്ങൾ നിങ്ങുന്നത്. വലത്തെ കൈയ്ക്ക് മാത്രമാണ് അൽപ്പമെങ്കിലും ചലനശേഷിയുള്ളത്. ബാക്കി ഭാഗങ്ങൾ തളർന്ന അവസ്ഥയിലാണ്. പഠനത്തിൽ മിടുക്കിയായിരുന്ന റിഷിക പ്ലസ് ടു വരെ സ്‌കൂളിൽ പോയി പഠിച്ചു. നല്ലൊരു ഗായികയായി മാറാനുള്ള മകളുടെ ആഗ്രഹത്തിന് പ്രചോദനമായി അമ്മ നിർമ്മലയും അച്ഛൻ വത്സനും കൂടെയുണ്ട്. ഇവരാണ് റിഷികയുടെ ആരാധകരും.

നല്ലൊരു ചിത്രകാരി കൂടിയാണ് റിഷിക. വർണ മത്സ്യവും നീല ജലാശയവും പ്രകൃതിയും എന്നു വേണ്ട എല്ലാം റിഷികയുടെ ഭാവനയിൽ നിന്നും ഉടലെടുക്കുന്നു. രോഗ ബാധിതയെന്ന ചിന്ത ഒട്ടുമില്ലാതെ പുഞ്ചിരി തൂകുന്ന റിഷിക 25 കുട്ടികൾക്ക് വീട്ടിൽ ട്യൂഷനെടുക്കുന്നുണ്ട്. കുട്ടികൾക്കു മുന്നിൽ കർക്കശക്കാരിയായ ടീച്ചറായും ഒഴിവു സമയം അവരുടെ പ്രിയ സുഹൃത്തുമാണ്. റിഷികയുടെ ചിത്രങ്ങൾ വിദ്യാർത്ഥികൾ ശേഖരിച്ച് വിൽപ്പന നടത്താറുമുണ്ട്. മാസങ്ങൾക്ക് മുൻപ് താൻ പഠിച്ച സ്‌കൂളിലെത്തിയ സൂപ്പർ താരവും എം.പിയുമായ സുരേഷ് ഗോപി എടുത്തു നൽകിയ സെൽഫിയും റിഷിക നിധി പോലെ സൂക്ഷിക്കുന്നു.

മസിലുകൾ ക്ഷയിക്കുന്ന രോഗം ഉള്ളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുകയാണ് റിഷികക്ക് ഇപ്പോൾ. അവശത അനുഭവിക്കുന്ന കുട്ടികളിലെ കലാപരമായ വാസനകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി മനുഷ്യാവകാശ പ്രവർത്തകരും റിക്ഷികയ്ക്ക് കൂടെയുണ്ട്. റിഷികയുടെ ഗാന മാധുര്യത്തെ പുറം ലോകം കാണിക്കാനുള്ള ശ്രമവും ഇവർ ഏറ്റെടുത്തു കഴിഞ്ഞു. ഹ്യൂമാനിസ്റ്റിക്ക് റൈറ്റ് പ്രൊട്ടക്‌ഷൻ മൂവ്‌മെന്റ് പുതുക്കാടിന്റെ നേതൃത്യത്തിൽ സംസ്ഥാന പ്രസിഡന്റ് ഷൺമുഖൻ വടക്കുംപറമ്പിൽ, ജിൻഷാദ് കല്ലൂർ ,അശോക് മരോട്ടിച്ചാൽ, ജിൻഷ ശിവൻ തുടങ്ങിയവരാണ് റിഷികക്ക് സ്‌നേഹ സംരക്ഷണം ഒരുക്കിയിരിക്കുന്നത്.