തൃശൂർ: നാടിന്റെ വളർച്ചയ്ക്കും വികാസത്തിനും സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കാൻ മാനവശേഷി വർദ്ധിപ്പിക്കണമെന്നും ഇതിനായി സർക്കാർ നയം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രാമവർമ്മപുരത്തെ വിജ്ഞാൻ സാഗർ ശാസ്ത്ര സാങ്കേതിക പാർക്കിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശാസ്ത്ര ഗവേഷണം കാര്യക്ഷമമാക്കാൻ പ്രാദേശിക ശാസ്ത്ര കേന്ദ്രങ്ങളും നൈപുണ്യ വികസന കേന്ദ്രങ്ങളും വികസിപ്പിക്കും. കാലാവസ്ഥ വ്യതിയാനം കാരണം കർഷകരും തീരദേശവാസികളും നേരിടുന്ന ദുരിതം ലഘൂകരിക്കുന്നതിനാണ് പ്രഥമ പരിഗണന. സ്വയം തൊഴിൽ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കും സർക്കാർ പ്രോത്സാഹനവും പിന്തുണയും ഉറപ്പാക്കും. ശാസ്ത്രയുക്തി സമൂഹമനസിൽ കൂടുതലായി വളർത്താൻ ശാസ്ത്ര പാർക്കുകൾക്കു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി എ.സി. മൊയ്തീൻ, സി.എൻ. ജയദേവൻ എം.പി, മേയർ അജിത വിജയൻ, കളക്ടർ ടി.വി. അനുപമ, കില ഡയറക്ടർ ജോയ് ഇളമൺ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, വൈസ് പ്രസിഡന്റ് എൻ.കെ. ഉദയപ്രകാശ്, സെക്രട്ടറി ടി.എസ്. മജീദ്, ആരോഗ്യ വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷ മഞ്ജുള അരുണൻ, വിജ്ഞാൻ സാഗർ സ്‌പെഷൽ ഓഫിസർ കെ.ആർ.ഡയസ് എന്നിവർ പ്രസംഗിച്ചു.