pudukad-hospital
പുതുക്കാട് താലൂക്ക് ആശുപത്രി

പുതുക്കാട്: തൃശൂരിനും ചാലക്കുടിക്കും മദ്ധ്യേ 24 മണിക്കൂറും ഡോക്ടറുടെ സേവനവും ചികിത്സയും ലഭ്യമാക്കേണ്ട പുതുക്കാട് താലൂക്ക് ആശുപത്രിക്ക് കുറവുകൾ കൊണ്ട് പഴികേട്ടു തുടങ്ങിയിട്ട് കാലമേറെയായി. സദാസമയവും സേവന സന്നദ്ധരായ ജീവനക്കാരുണ്ടെങ്കിലും കുറവുകൾ മൂലം രോഗികളെ മെഡിക്കൽ കോളേജിലേക്കും ജില്ലാ ആശുപത്രിയിലേക്കും റഫർ ചെയ്യേണ്ടിവരുമ്പോൾ പഴി ഇവർ തന്നെ ഏറ്റുവാവാങ്ങേണ്ടി വരും.

പരിസരങ്ങളിൽ സ്വകാര്യ ആശുപത്രികൾ ഉയർന്നപ്പോൾ അതുവരെ ചികിത്സ തേടിയെത്തിയിരുന്ന സാധാരണക്കാർ വരെ അവിടെ അഭയം തേടിത്തുടങ്ങി. ആളുകൾ കുറഞ്ഞതോടെ ലേബർ റൂം സൗകര്യങ്ങൾ പോലും നശിച്ചു. ചികിത്സാരംഗത്തെ പല ചതികളും തിരിച്ചറിഞ്ഞതോടെ പൊതുജനങ്ങൾ കൂടുതലായി സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്ന സ്ഥിതിയായി. ജനങ്ങളുടെ മാറ്റത്തിന് അനുസരിച്ച് പുതുക്കാട് താലൂക്ക് ആശുപത്രിയിലും മാറ്റം വരികയാണ്.

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അനുമതി കൂടി ലഭ്യമായാൽ എക്‌സ് റേ യൂണിറ്റിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്താമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ലേബർ റൂമിന്റെ നിർമ്മാണവും അന്തിമഘട്ടത്തിലാണ്. കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് ആവശ്യമായിവരുന്ന മരുന്ന് വാങ്ങുന്നതിന് ബ്ലോക്ക് 15 ലക്ഷം രൂപയും സർക്കാർ 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.

ഫാർമസിയിലെ തിരക്ക് കണക്കിലെടുത്ത് ഇലക്‌ട്രോണിക്‌സ് ടോക്കൺ സിസ്റ്റം നടപ്പിലാക്കി. കാത്തിരിക്കാൻ കസേരകൾ, എൽ.ഇ.ഡി ടി.വി, വ്യാപാരികളുടെ സഹകരണത്തോടെ കുടിവെള്ളത്തിന് വാട്ടർ പ്യൂരിഫെയർ എന്നിവ സ്ഥാപിച്ചു. ആരോഗ്യ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കാൻ ഫണ്ട് ലഭ്യമാക്കുന്നതും അനുഗ്രഹമാകുന്നു.

ആശുപത്രി വികസന സമിതിയുടെ നേതൃത്വത്തിൽ സജ്ജീകരിച്ച പൂച്ചെടികൾ കൂടിയായതോടെ കെട്ടിലും മട്ടിലും സ്വകാര്യ ആശുപത്രികളെ വെല്ലുവിളിക്കുന്നതായി സൗകര്യങ്ങളും. ചികിത്സയാകട്ടെ എറ്റവും മികച്ചതും. ദേശീയപാതയുടെ സാമീപ്യവും റോഡ് അപകടങ്ങൾ വർദ്ധിക്കുകയും ചെയ്യുന്നതിനാൽ ഒരു ട്രോമ കെയർ യൂണിറ്റ് കൂടി പുതുക്കാട് താലൂക്ക് ആശുപത്രിയിൽ വേണമെന്ന ആവശ്യത്തിനും പ്രസക്തി വർദ്ധിക്കുകയാണ്.


നവീകരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സംവിധാനങ്ങൾ

 ഗർഭിണികൾക്ക് സൗജന്യ ചികിത്സയും ടെസ്റ്റും സ്‌കാനും ജെ.എസ്.എസ്.കെ പദ്ധതി ആരംഭിച്ചു. പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ തിങ്കളാഴ്ചകളിൽ ആശുപത്രിയിലെ ഗർഭിണികളുടെ ക്‌ളിനിക്കിൽ ഗൈനക്കോളജിസ്റ്റുകളുടെ സേവനം

 ശുചീകരണത്തിനായി ജീവനക്കാരെ ഒഴിവിന് അനുസരിച്ച് എച്ച്.എം.സി നിയമിക്കും. ഇതോടെ ആശുപത്രി വൃത്തിയായി ഇരിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നു

 ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു, മരുന്നുകളുടെ സ്റ്റോക്ക് പൊതുജനത്തിനറിയാൻ ബോർഡ് സ്ഥാപിച്ചു, പ്രായമായവർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ എല്ലാ ടോയ്‌ലെറ്റിലും കൈപ്പിടി സ്ഥാപിച്ചു

 ആശുപത്രിയിൽ മുടക്കമില്ലാതെ 24 മണിക്കൂർ വൈദ്യുതി ലഭിക്കാൻ ജനറേറ്റർ സ്ഥാപിച്ചു, വൈദ്യുതി ലാഭിക്കാൻ സൗരോർജ പാനലുകളും ഇൻവെർട്ടറും
 ആശുപത്രിയുടെ പിൻവശത്ത് മാലിന്യം കുഴിച്ചു മൂടിയിരുന്ന സ്ഥലം ഔഷധ സസ്യ തോട്ടമാക്കി. മാലിന്യ സംസ്‌കരണത്തിന് ഇൻസിനറേറ്റർ, ബയോ മെഡിക്കൽ വേസ്റ്റ് നിർമാർജനം ഇമേജ് എന്ന ഏജൻസിയെ ഏൽപ്പിച്ചു

 കുടിവെള്ള പ്രശ്‌നം പരിഹരിക്കാൻ പുതിയ ബോർവെൽ, പുതിയ ടാങ്ക് എന്നിവ

 ലാബിൽ പുതിയ സെമി ഓട്ടോ അനലൈസർ, ആരോഗ്യ സന്ദേശങ്ങൾ കാണിക്കാൻ ഇലക്ട്രോണിക് ഡിസ്പ്‌ളേ ബോർഡ്