തൃശൂർ:ശബരിമല വിഷയത്തിൽ അയ്യപ്പനെ അവഹേളിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ അശ്ലീല പദങ്ങൾ കലർന്ന പോസ്റ്റിട്ട ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനന് എതിരെ ശക്തമായ പ്രതിഷേധം ഉയർന്നു. ശബരിമല കർമ്മസമിതി പ്രവർത്തകർ പ്രിയനന്ദനന്റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. അയ്യപ്പനെയും ഹിന്ദു മതവിശ്വാസത്തെയും അവഹേളിച്ച് കലാപമുണ്ടാക്കാൻ ശ്രമിച്ച പ്രിയനന്ദനനെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. പൊലീസിൽ പരാതി നൽകി. എന്നാൽ കേസെടുത്തിട്ടില്ലെന്ന് ചേർപ്പ് പൊലീസ് അറിയിച്ചു. വല്ലച്ചിറ പകിരിപ്പാലത്തെ പ്രിയനന്ദനന്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി.
അതേസമയം, നവമാദ്ധ്യമങ്ങളിൽ താൻ പോസ്റ്റ് ചെയ്തതിൽ ഭാഷ ശരിയായില്ലെന്ന് ഉത്തമ ബോദ്ധ്യമുള്ളതിനാൽ പോസ്റ്റ് പിൻവലിച്ചതായി പ്രിയനന്ദനൻ പറഞ്ഞു. എന്നാൽ ശബരിമല വിഷയത്തിൽ തന്റെ അഭിപ്രായമാണ് പ്രകടിപ്പിച്ചതെന്നും നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്നും മാപ്പു പറയാൻ തയ്യാറല്ലെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു. രാഷ്ട്രീയ വിയോജിപ്പുകൾ സ്വാഭാവികമായും ഉണ്ടാകുന്നതാണ്. തനിക്കെതിരെ ഭയപ്പെടുത്തുന്ന പ്രചാരണങ്ങൾ നടത്തുന്നത് ശരിയല്ലെന്നും പ്രിയനന്ദനൻ പറഞ്ഞു.
വല്ലച്ചിറ വില്ലേജ് ആഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം പ്രിയനന്ദനന്റെ വീടിന്റെ സമീപത്ത് പൊലീസ് തടഞ്ഞു. സ്ത്രീകളടക്കം നിരവധി പേർ പങ്കെടുത്തു. തുടർന്ന് നടന്ന ധർണ ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.മാപ്പ് പറയുന്നതു വരെ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ചെയ്യണം: ഹിന്ദു ഐക്യവേദി
അയ്യപ്പ സ്വാമിയെ അശ്ലീല പദങ്ങൾ ഉപയോഗിച്ച് അവഹേളിച്ച പ്രിയനന്ദനനെ അറസ്റ്റ് ചെയ്യണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വിശ്വാസികളോട് മാപ്പ് പറയില്ലെന്ന നിലപാട് ധിക്കാരപരമാണ്. അറിയപ്പെടുന്ന സംവിധായകനായിട്ടും അദ്ദേഹത്തിന്റെ വാക്കുകൾ സ്വന്തം സംസ്‌ക്കാരത്തെയാണ് പുറത്തു കൊണ്ട് വന്നത്. പ്രിയനന്ദനനെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകാൻ യോഗം തീരുമാനിച്ചു.