lahari
കാരമുക്ക് കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വീടുവീടാന്തരമുള്ള പ്രചരണ പരിപാടിക്കിടെ സംഘാടകരും, വിദ്യാർത്ഥികളും

കാഞ്ഞാണി : ലഹരി മാഫിയകളെ ഗ്രാമങ്ങളിൽ നിന്നും തുടച്ചു മാറ്റാൻ ദൗത്യമേറ്റെടുത്ത് കാരമുക്ക് കൂട്ടായ്മ. ഒരു വർഷം നീണ്ടു നിൽക്കുന്ന ബോധവത്കരണ സന്ദേശവുമായി ഇവർ ഗ്രാമത്തിലുടനീളം സഞ്ചരിക്കുകയാണ്. കാരമുക്ക് കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ലഹരിക്കെതിരെ മണലൂർ പഞ്ചായത്തിൽ ബോധവത്കരണം നടത്തുന്നത്.

വിദ്യാർത്ഥികൾക്ക് ലഹരി വസ്തുക്കളെത്തിക്കുന്ന മാഫിയകൾ തഴച്ചു വളരുകയാണ്. ചതിയിൽ കുടുങ്ങി ലഹരി വസ്തുക്കൾ ഉപയോഗം നടത്തിയവർ മാത്രമാണ് പിടിയിലാകുന്നത്. ഇവർക്ക് കഞ്ചാവ് മുതലായവ എത്തിച്ചു നൽകുന്നവരെ പിടികൂടുന്നത് അപൂർവമാണ്. പ്രളയ സമയത്ത് മണലൂരിൽ രക്ഷാപ്രവർത്തനത്തിന് പഞ്ചായത്തിനോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച അനുഭവത്തിൽ തങ്ങൾക്കു ലഭിച്ച അനുഭവസമ്പത്താണ് ഇത്തരമൊരു സാമൂഹിക വിഷയത്തിലും ഇടപെടാൻ പ്രചോദനമായതെന്ന് കാരമുക്ക് കൂട്ടായ്മയുടെ കോ-ഓഡിനേറ്റർ സജീവൻ കാരമുക്ക് പറഞ്ഞു . ലഹരിക്കെതിരെ രക്ഷിതാക്കൾ ജാഗ്രതൈ എന്നതാണ് കൂട്ടായ്മയുടെ മുദ്രാവാക്യം . ഇതിന്റെ ഭാഗമായി കാരമുക്ക് എസ്.എൻ.ജി.എസ് സ്കൂളിലെ അദ്ധ്യാപകരും, സ്കൗട്ട് ആൻഡ് ഗൈഡിലെ നൂറോളം വിദ്യാർത്ഥികൾ വീടു വീടാന്തരം സന്ദർശനം നടത്തി ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകുകയും, ലഘു ലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. ലഘു ലേഖ വിതരണ ഉദ്ഘാടനം സുരേഷ് ബാബു വന്നേരി ഉദ്ഘാടനം ചെയ്തു. പൊലീസിനെയും, എക്സൈസ് വിഭാഗത്തെയും ഏകോപിപ്പിച്ചു കൊണ്ട് ജനകീയ കാമ്പയിൻ സംഘടിപ്പിക്കാനുള്ള ശ്രമവും കൂട്ടായ്മ തുടങ്ങിക്കഴിഞ്ഞു.