കൊടുങ്ങല്ലൂർ: മദ്യപിച്ചും കഞ്ചാവ് ഉപയോഗിച്ചും കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളെ സംബന്ധിച്ച് നാട്ടുകാരോട് വെളിപ്പെടുത്തിയതിലുള്ള വൈരാഗ്യത്താൽ യുവാവിനെ പങ്കായം കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. കഞ്ചാവ് , വധശ്രമക്കേസുകളിലെ പ്രതികളും സ്റ്റേഷൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരുമായ അഴീക്കോട് പടന്ന ആളംപറമ്പിൽ മുഹമ്മദാലി മകൻ ബിന്യാമിൻ (30), അഴീക്കോട് ജെട്ടി കൈതക്കപ്പറമ്പിൽ മജീദ് മകൻ അഫ്സൽ (36) എന്നിവരെയാണ് എസ്.ഐമാരായ ഇ.ആർ. ബൈജു, എ. മുകുന്ദൻ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

അഴീക്കോട് കൊട്ടിക്കൽ വീട്ടിൽ വിശ്വംഭരൻ മകൻ വിജീഷിനെയാണ് (26) അറസ്റ്റിലായ രണ്ട് പേരും ചേർന്ന് പങ്കായം കൊണ്ടടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ജനു. 6 ന് അഴീക്കോട് ചുങ്കം പാലത്തിന് സമീപത്തായിരുന്നു സംഭവം. അറസ്റ്റിലായ രണ്ട് പേരെയും കൊടുങ്ങല്ലൂർ കോടതി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എ.എസ്.ഐ തോമസ്, പൊലീസുകാരായ പ്രദീപ്, ഉമേഷ് എന്നിവരും ഉണ്ടായിരുന്നു.