ചാലക്കുടി : മേലൂരിലെ പുഷ്പഗിരിയിൽ കൂടുതൽ ആളുകൾ പുലിയെ കണ്ടു. ഇതോടെ മുൻകരുതലുമായി വനപാലകർ രംഗത്തെത്തി. കഴിഞ്ഞ ദിവസം പുലി പ്രത്യക്ഷപ്പെട്ട പരിസരത്ത് കെണിക്കൂടും നിരീക്ഷണ കാമറകളും സ്ഥാപിച്ചു. മൂന്നാഴ്ചയായി തുടരുന്ന പുലിഭീതി ഇതോടെ പതിന്മടങ്ങായി. വടക്കുംതല കുഞ്ഞപ്പന്റെ പറമ്പിലാണ് അതിരപ്പിള്ളി റേഞ്ച് ഓഫീസറും സംഘവും കെണിക്കൂട് വച്ചത്. പുലിയെ ആകർഷിക്കാനായി അകത്ത് ഒരു നായയെയും ഇട്ടിട്ടുണ്ട്. പെരുംകുളങ്ങര കുട്ടപ്പന്റെ വീട്ടുപറമ്പിലാണ് ഒരു കാമറ വച്ചത്. സമീപ പ്രദേശത്ത് മറ്റൊന്നും സ്ഥാപിച്ചു. എന്നാൽ ശനിയാഴ്ച രാത്രി മുതൽ ഞായറാഴ്ച ഉച്ചവരെ പുലിയുടെ സഞ്ചാരം നിരീക്ഷണ കാമറകളിൽ പതിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുട്ടപ്പന്റെ ഭാര്യ ശോഭനയാണ് ശനിയാഴ്ച വൈകീട്ട് മൂന്നരയോടെ തങ്ങളുടെ വീടിന്റെ പിൻഭാഗത്ത് പുലിയെ കണ്ടത്. ഭയന്നു വിറച്ച ഇവർ അകത്തുണ്ടായിരുന്ന മകൻ യദുകൃഷ്ണനെ വിളിച്ചുവരുത്തി. മകനും പുലിയെ കണ്ടു. വലിപ്പമുള്ള പുലിയായിരുന്നെന്ന് ശോഭന പറഞ്ഞു. ഇവരുടെ വീടിന്റ തൊട്ടടുത്ത പറമ്പിലെ പൊന്തക്കാട്ടിൽ പുലി കിടന്നതിന്റെ ലക്ഷണങ്ങളും കാണപ്പെട്ടു. ഇവിടെ പലയിടത്തും പ്രത്യക്ഷപ്പെട്ട കാലടയാളങ്ങൾ പുലിയുടേതിന് സമാനമാണെന്ന് വനപാലകർ സ്ഥിരീകരിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച പകലാണ് നാഴികംപാറ ജോണി പുലിയെ കണ്ടത്. പുലിയെ തുരത്താനായി പലരും പടക്കവും വീട്ടിൽ കരുതിയിട്ടുണ്ടെന്ന് ജോണി പറഞ്ഞു. ശനിയാഴ്ച രാത്രി ഏഴരയോടെ വീടിനടുത്ത പറമ്പിൽ വടക്കേപീടിക ബിജുവിന്റെ മകൾ ഗ്രേസ് മരിയയും ഓടിപ്പോകുന്ന പുലിയെ കണ്ടിരുന്നു. കഴിഞ്ഞ അഞ്ചു വർഷം മുമ്പ് ലോക്‌സഭ തിരഞ്ഞെടുപ്പ് കാലഘട്ടത്തിലാണ് മാസങ്ങളോളം മേലൂർ പഞ്ചായത്തിനെ പിടിച്ചുകുലുക്കിയ പുലി സംഭവങ്ങൾ അരങ്ങേറിയത്. പൂലാനിയിലെ വീട്ടുപറമ്പിലെ കിണറ്റിൽ പുലി വീണതാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. അഞ്ച് വർഷത്തിനു ശേഷം ഇപ്പോൾ വീണ്ടും മേലൂരിൽ പുലിഭീതി പുലിവാലാവുകയാണ്.