ckdyadippatha
അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലം

ചാലക്കുടി: കോടതി ജംഗ്ഷന് സമീപം നിർമ്മാണത്തിലിരിക്കുന്ന വെഹിക്കിലാർ അണ്ടർ പാസേജിന്റെ നിർമ്മാണം പുതിയ ഏജൻസിയെ ഏൽപ്പിക്കാൻ നീക്കം. കെ.എം.സിയുടെ ഭാഗമായുള്ള ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറാണ് പദ്ധതി പൂർത്തീകരിക്കാൻ മറ്റൊരു ഏജൻസിയുടെ സഹായം തേടുന്നത്. എബിലിറ്റി എന്ന ഏജൻസിക്കാണ് നിർമ്മാണ ചുമതല നൽകുന്നതെന്ന് അറിയുന്നു.

പ്രവൃത്തികൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ ദേശീയപാതാ അധികൃതർ ബന്ധപ്പെട്ട കരാറുകാർക്ക് നോട്ടീസ് നൽകാൻ ശ്രമം തുടങ്ങിയ സാഹര്യത്തിലാണ് ഏജൻസി മാറ്റവുമായി ജി.ഐ.എൽ ശ്രമം നടത്തുന്നത്. മേയ് 31നുള്ളിൽ അടിപ്പാതാ നിർമ്മണം പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ അറിയിച്ചിരുന്നു. ബി.ഡി. ദേവസ്സി എം.എൽ.എയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ബന്ധപ്പെട്ട നിർമ്മാണ കമ്പനി അണ്ടർ പാസേജിന്റെ നിർമ്മാണത്തിനായുള്ള പരിഷ്‌കരിച്ച പ്രോഗ്രാം നാഷണൽ ഹൈവേ അതോറിറ്റിക്ക് നേരത്തെ സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ദേശീയപാതാ അതോറിറ്റിക്കാണ് അണ്ടർ പാസേജിന്റെ നിർമ്മാണച്ചുമതല. സംസ്ഥാന സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഇതെന്ന കാരണത്താലാണ് നിർമ്മാണം വൈകുന്നത്.

ദേശീയപാതയിൽ കോടതി ജംഗ്ഷനിലെ അടിപ്പാത നിർമ്മാണം പൂർണമായി സ്തംഭിച്ച അവസ്ഥയിലാണിപ്പോൾ. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ കമ്പനി ചില പ്രവൃത്തികൾ നടത്തിയിരുന്നു. ഇതും നിലച്ചിച്ചിട്ട് ഇപ്പോൾ ഒരുമാസമായി. 250 ദിവസം കൊണ്ട് അടിപ്പാത നിർമ്മാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് മാർച്ച് 18ന് നിർമ്മാണോദ്ഘാടനം നടത്തിയ പദ്ധതിയാണ് ഇപ്പോൾ അവതാളത്തിലായിരിക്കുന്നത്.

അടിപ്പാതാ നിർമ്മാണത്തിന്റെ തുടക്കത്തിലെ പ്രവൃത്തികൾ താളം തെറ്റിയിരുന്നു. ചാലക്കുടി - മാള റോഡിലെ സിഗ്‌നൽ സംവിധാനം നിറുത്തലാക്കാനായാണ് അടിപ്പാത നിർമ്മിക്കുന്നത്. നാലുവരിപാത പ്രാബല്യത്തിൽ വന്നകാലം മുതൽ മുനിസിപ്പൽ ജംഗ്ഷനിൽ അപകടങ്ങളും അപകട മരണങ്ങളും പതിവായി മാറിയിരുന്നു. ഇതേത്തുടർന്നാണ് സിഗ്‌നൽ സംവിധാനം മാറ്റി അടിപ്പാത നിർമ്മിക്കണമെന്ന ആവശ്യം ഉയർന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജംഗ്ഷനിൽ അടിപ്പാത നിർമ്മാണം ആരംഭിച്ചത്.