എരുമപ്പെട്ടി: തകർന്ന റോഡ് പുനർനിർമ്മിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് കുന്നംകുളം - വടക്കാഞ്ചേരി റോഡിലെ വെള്ളറക്കാട് പ്രദേശത്ത് നാട്ടുകാർ റോഡ് ഭാഗികമായി ഉപരോധിച്ചു. തകർന്ന റോഡിൽ നിന്നും ഉയരുന്ന പൊടികൊണ്ട് പൊറുതിമുട്ടിയ പരിസരവാസികളാണ് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.
വെള്ളറക്കാട് മുതൽ പന്നിത്തടം വരെയുള്ള റോഡിന്റെ പുനർ നിർമ്മാണത്തിന് മന്ത്രി എ.സി. മൊയ്തീൻ ആറ് കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒന്നര വർഷം മുമ്പ് നിർമ്മാണ ഉദ്ഘാടനം നടത്തിയെങ്കിലും നിർമ്മാണ പ്രവർത്തനം ഇതുവരെയും ആരംഭിച്ചിട്ടില്ല. വെള്ളറക്കാട് പ്രദേശത്ത് റോഡരികിലുള്ള വീട്ടുകാരാണ് ഇതു മൂലം ദുരിതത്തിലായത്.
രൂക്ഷമായ പൊടിശല്യമാണ് ഈ പ്രദേശത്ത് അനുഭവപ്പെടുന്നത്. വീടുകളിൽ പൊടി നിറയുന്നതിനോടൊപ്പം പരിസരവാസികൾക്ക് വിട്ട് മാറാത്ത ചുമ, ശ്വാസതടസവും ചൊറിച്ചിൽ ഉൾപ്പെടെയുള്ള അലർജി രോഗങ്ങൾ പിടിപ്പെട്ട് ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കുട്ടികളും വയോധികരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. പ്രദേശത്തെ എം.എൽ.എയായ മന്ത്രി എ.സി. മൊയ്തീൻ ഇടപെട്ട് റോഡ് നിർമ്മാണം ആരംഭിക്കാനുള്ള നടപടി കൈകൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രതിഷേധ സമരത്തിൽ സ്ത്രീകളും കുട്ടികളും പങ്കെടുത്തു. കടങ്ങോട് പഞ്ചായത്ത് മുൻ പ്രസിഡന്റും ഡി.സി.സി സെക്രട്ടറിയുമായ വി.കെ. രഘു സ്വാമി ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ ലിപിൻ കെ. മോഹൻ അദ്ധ്യക്ഷനായി. എൻ.പി. വിൻസെന്റ്, സി.പി. സേവ്യാർ, എം. ദേവസി, സി.പി. ജോയി, ഇ.എൽ. ജോൺസൺ, പി.ജെ. ജിത്തു എന്നിവർ നേതൃത്വം നൽകി.