തൃശൂർ: സംസ്ഥാന സർക്കാർ ജില്ലയിൽ നടപ്പിലാക്കുന്ന, മാലിന്യത്തിൽ നിന്നും ഊർജം ഉത്പാദിപ്പിക്കുന്ന ആധുനിക മാലിന്യ സംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട യോഗം ചേർന്നു. കൗൺസിലർമാരും പ്രദേശവാസികളും മാലിന്യ സംസ്‌കരണ പ്ലാന്റിന് അനുകൂലമായിരുന്നെങ്കിലും ലാലൂരിൽ ഇത് നടപ്പാക്കുന്നതിലുള്ള ആശങ്ക യോഗത്തിൽ ഉന്നയിച്ചു. വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിലുള്ള അനുയോജ്യമായ മറ്റ് സ്ഥലങ്ങൾ ഈ പദ്ധതിക്കായി പരിഗണിക്കേണ്ടതാണെന്നും അവർ ആവശ്യപ്പെട്ടു.
പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശവാസികളുടെയും ജന പ്രതിനിധികളുടെയും പ്രതികരണങ്ങളും ആശങ്കകളും ഉദ്യോഗസ്ഥർ സർക്കാരിനെ അറിയിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ മാതൃക, നടത്തിപ്പ്, സാങ്കേതിക വശങ്ങൾ എന്നിവ പദ്ധതി നടത്തിപ്പിന് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന നോഡൽ ഏജൻസിയായ കെ.എസ്.ഐ.ഡി.സിയിലെ ഉദ്യോഗസ്ഥർ വിശദീകരിച്ചു. പൂർണമായും പൊതു സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതിയിൽ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന, അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്ലാന്റുകളായിരിക്കും സ്ഥാപിക്കുക..
പാന്റ് പൂർണമായും പരിസ്ഥിതി സൗഹാർദമായാണ് പ്രവർത്തിക്കുക. വിദേശ രാജ്യങ്ങളിൽ വർഷങ്ങളായി വിജയകരമായി പ്രവർത്തിക്കുന്ന മാതൃകയിലായിരിക്കും ഈ പ്ലാന്റിന്റെ പ്രവർത്തനവും. പദ്ധതി നടപ്പാകുന്നതോടെ ജില്ല നേരിടുന്ന മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് യോഗത്തിൽ വിശദീകരിച്ചു.
ജില്ലാ കളക്ടർ ടി.വി അനുപമ അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് ഉദ്യോഗസ്ഥരും കൗൺസിലർമാരും ലാലൂർ നിവാസികളും പങ്കെടുത്തു.