ayurveda-medical-associat

തൃശൂർ: സർട്ടിഫിക്കറ്റ് ഇല്ലാത്തവരെല്ലാം ചികിത്സിക്കാൻ അയോഗ്യരാണെന്ന് കണക്കാക്കരുത് എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ (എ.എം.എ.ഐ). അംഗീകൃത യോഗ്യതയും മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് മാത്രമേ ചികിത്സിക്കാൻ അനുവാദമുള്ളൂ എന്ന് കഴിഞ്ഞവർഷം ഏപ്രിൽ 13ന് വിധിന്യായത്തിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിധി നടപ്പാക്കാൻ ബാദ്ധ്യതയുള്ളവർ അതിന്റെ അന്ത:സത്തക്ക് എതിരാകുന്നത് അപലപനീയമാണ്. ഇപ്പോൾ 25 വയസുള്ളവർ പോലും പാരമ്പര്യത്തിന്റെ അവകാശവാദവുമായി വൈദ്യന്മാരാകുന്നു. മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി അഞ്ചര വർഷത്തെ ആയുർവേദ കോഴ്‌സായ ബി.എ.എം.എസ് പാസായി, മൂന്നുവർഷത്തെ പി.ജി സ്‌പെഷ്യലൈസേഷനും കഴിഞ്ഞ് പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരെ മണ്ടന്മാരാക്കി പ്രാഥമികവിദ്യാഭ്യാസം പോലും നേടാത്തവർ ചികിത്സകരാകുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ. രാജു തോമസും ജനറൽ സെക്രട്ടറി ഡോ. സാദത്ത് ദിനകറും പറഞ്ഞു. ആയുർവേദ ചികിത്സയ്ക്കായുള്ള സ്‌പോർട്‌സ് ഇൻസ്റ്റിറ്റ്യൂട്ട് കോംപ്‌ളക്‌സ് ഉദ്ഘാടന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.