തൃശൂർ: സി.പി.എം നേതാക്കളുടെ താത്പര്യ പ്രകാരം ശബരിമല കർമ്മസമിതി പ്രവർത്തകരുടെ പേരിൽ പൊലീസ് കള്ളക്കേസെടുക്കുന്നുവെന്ന് ബി.ജെ.പി ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ ആരോപിച്ചു. രാഷ്ട്രീയ രംഗത്ത് മൗലികമായ മാറ്റം സംഭവിച്ച് കൊണ്ടിരിക്കുകയാണ്. എൻ.എസ് എസ്, എസ്.എൻ.ഡി.പി നിലപാടുകൾ ഇക്കാര്യത്തിൽ പ്രസക്തമാണ്. ശബരിമല വിഷയത്തിൽ ഭക്തർക്കൊപ്പമാണെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല സമരത്തിന്റെ പ്രസക്തിയോ ഭക്തരുടെ വികാരമോ മുഖ്യമന്ത്രി പിണറായിക്ക് മനസിലായിട്ടില്ല. കേവലം പാർട്ടി നേതാവ് എന്ന നിലയിൽ നിന്ന് പിണറായി ഭരണത്തലവൻ ആയി ഉയരാത്തതിന്റെ പ്രശ്നമാണ് കേരളം നേരിടുന്നത്. രണ്ട് മുന്നണികൾ മാത്രം എന്ന അവസ്ഥയ്ക്ക് മാറ്റം വരും. പ്രധാനമന്ത്രിയുടെ സന്ദർശനം മാറ്റത്തിന് ശക്തി പകരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ. നാഗേഷും പങ്കെടുത്തു. തടവിൽ കഴിയുന്ന പ്രവർത്തകരുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു.