തൃശൂർ: കേരളത്തിലെ റേഷൻകടകളുടെ പ്രവർത്തനം നിരീക്ഷിക്കാനും വിലയിരുത്താനും ക്രമക്കേട് ഒഴിവാക്കാനും ലക്ഷ്യമിട്ട് ജനകീയ പങ്കാളിത്തത്തോടെ വിജിലൻസ് കമ്മിറ്റി രൂപീകരിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. റേഷൻ ഉപഭോക്താക്കൾക്ക് അർഹമായതും ഗുണമേന്മയുള്ളതുമായ വിഹിതം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇതിനകം സർക്കാർ കൈക്കൊണ്ട നടപടികളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് വിജിലൻസ് കമ്മിറ്റി രൂപീകരണം സംബന്ധിച്ച തീരുമാനം. ജില്ലയിൽ പുതുക്കാട് പഞ്ചായത്തിലെ ചെങ്ങാലൂർ പ്രദേശത്ത് 5 റേഷൻകടകൾ കേന്ദ്രീകരിച്ച് പരിഷത്ത് 2016 ജൂലായിൽ നടത്തിയ പഠനം വ്യാപകമായ ക്രമക്കേട് പുറത്തുകൊണ്ടുവന്നിരുന്നു. ഭക്ഷ്യധാന്യങ്ങൾ വൻതോതിൽ കരിഞ്ചന്തയിലേക്ക് പോകുന്നതായി പഠനം കണ്ടെത്തിയതായും പരിഷത്ത് വ്യക്തമാക്കി.