pradi-photo

പുതുക്കാട് : പുലർകാലങ്ങളിൽ നാഷണൽ ഹൈവേകളിൽ വാഹനമൊതുക്കി ഉറങ്ങുന്നവരുടെ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം ജില്ലയിലെ മംഗലപുരം കോരണി കേശണിക്കരയിൽ സമീർ മൻസലിൽ താമസിക്കുന്ന രവീന്ദ്രന്റെ മകൻ തടിയൻ ബിനു, മൂങ്ങ ബിനു എന്നറിയപ്പെടുന്ന ബിനുവാണ് (38) അറസ്റ്റിലായത്.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി എം.കെ പുഷ്‌കരന്റെ നിർദ്ദേശത്തെ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി, സി.ആർ സന്തോഷും പ്രത്യേകാന്വേഷണ സംഘവും ചേർന്നാണ് ഇയാളെ പിടികൂടിയത്. അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റും തേങ്ങയും വാഴക്കുലയും മറ്റ് കാർഷികോത്പന്നങ്ങളും കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ വില്പന നടത്തി പുലർച്ചെ മടങ്ങുന്ന വാഹനങ്ങളിൽ നിന്ന് പതിവായി പണം മോഷണം പോകുന്നുവെന്ന പരാതിയെ തുടർന്നാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേകാന്വേഷണ സംഘം രൂപീകരിച്ചത്.

തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെപ്പറ്റി വിവരങ്ങൾ ശേഖരിച്ചത്. ഇത്തരം വാഹനങ്ങളെ ദീർഘദൂരം നിരീക്ഷിച്ചാണ് ബിനു ഓപ്പറേഷൻ പ്ലാൻ ചെയ്യുന്നത്. ഹൈവേയുടെ ഓരങ്ങളിൽ ഡ്രൈവർമാർ വാഹനം ഒതുക്കിയിട്ട് ഉറങ്ങവേ തന്ത്രപരമായി പണം കവരുന്നതാണ് ഇയാളുടെ രീതി. ഒറ്റ രാത്രി തന്നെ വിവിധ സ്ഥലങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ഇയാൾ കവരുന്നത്. ഇതിന് മുമ്പും സമാനമായ രീതിയിലുള്ള മോഷണത്തിന് ബിനു ചാലക്കുടിയടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിയിലായിട്ടുണ്ട്.

ഇയാളുടെ പേരിൽ നിരവധി ലഹരിമരുന്നു കേസുകളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 11ന് പുലർച്ചെ പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപം വണ്ടിയൊതുക്കിയിട്ട് ഉറങ്ങുകയായിരുന്ന തമിഴ്‌നാട് ഭവാനി ജില്ലയിലെ പുളിയംകുടി സ്വദേശി സൂര്യപ്രകാശിന്റെ ഒന്നര ലക്ഷത്തിൽപരം രൂപ കവർന്ന കേസിൽ അന്വേഷണം നടത്തി വരവെയാണ് ഇയാൾ പിടിയിലാകുന്നത്. പ്രത്യേകാന്വേഷണ സംഘത്തിൽ പുതുക്കാട് സബ് ഇൻസ്‌പെക്ടർ ആർ. സുജിത് കുമാർ, അഡീഷണൽ എസ്.ഐ സുരേഷ്, ക്രൈം സ്‌ക്വാഡ് എ.എസ്.ഐ ജിനുമോൻ, സീനിയർ സി.പി.ഒമാരായ സി.എ. ജോബ്, സതീശൻ മടപ്പാട്ടിൽ, റോയി പൗലോസ്, പി.എം മൂസ, സി.പി.ഒമാരായ റെജി എ.യു., ബിനു എം.ജെ, ഷിജോ തോമസ്, പുതുക്കാട് സ്റ്റേഷനിലെ എ.എസ്.ഐ ജോഫി എന്നിവരാണുണ്ടായിരുന്നത്.