nadodikal-ration-card
എടത്തിരിത്തിയിലെ നാടോടി കുടുംബങ്ങൾ അന്ത്യോദയ റേഷൻ കാർഡുമായി ടെെസണ്‍ മാസ്റ്റര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ പുനരധിവാസ കമ്മിറ്റിക്കാരോടൊപ്പം

കയ്പ്പമംഗലം: നാട്ടുകാരുടെ അധിക്ഷേപത്തിന് ഇരകളായി നാടോടികളായി കഴിഞ്ഞിരുന്ന എട്ട് കുടുംബങ്ങൾക്ക് അന്ത്യോദയ വിഭാഗത്തിൽ ഉൾപ്പെടുത്തിയ റേഷൻ കാർഡുകൾ വിതരണം ചെയ്തു. ഇവർക്ക് തിരിച്ചറിയൽ രേഖകളും സ്വന്തമായി മേൽവിലാസവും ആയതോടെ റേഷൻ കാർഡിന് അർഹരായി. കുടുംബങ്ങൾക്ക് വാസസ്ഥലം ഒരുക്കൽ, തൊഴിലവസരങ്ങൾ കണ്ടെത്തൽ, കുട്ടികളുടെ സ്‌കൂൾ പ്രവേശനം, ആധാർ കാർഡ് വിതരണം, റേഷൻ കാർഡ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങളെല്ലാം നേരത്തെ നടന്നിരുന്നു. നേരത്തെ നൽകിയിരുന്ന റേഷൻ കാർഡുകൾ നടപടി ക്രമങ്ങളെല്ലാം പൂർത്തീകരിച്ച് അന്ത്യോദയ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് വിതരണം ചെയ്തത്. സൗജന്യനിരക്കിൽ കൂടുതൽ ഭക്ഷ്യസാധനങ്ങളും മറ്റും ലഭിക്കുവാനും സൗജന്യ ചികിത്സ ലഭിക്കാനും മറ്റും ഇത് അവർക്ക് ഉപകരിക്കും. എടത്തിരുത്തി പഞ്ചായത്ത് ഓഫീസിൽ വെച്ച് എടത്തിരുത്തി പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപിന്റെ അദ്ധ്യക്ഷതയിൽ റേഷൻ കാർഡ് വിതരണചടങ്ങ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.വി. മനോഹരൻ, ഗീത മോഹൻദാസ്, രഞ്ജിനി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി ശിവദാസ്, താലൂക്ക് സപ്‌ളൈ ഓഫീസർ ജോസി ജോസഫ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് റാഫി, എൻ. അനൂപ്, പട്ടികജാതി വികസന ഓഫീസർ ഗിരീഷ് കുമാർ .പി, എസ്.സി പ്രൊമോട്ടർ നിഷ സുരേഷ്, ബ്ലോക്ക് ലവൽ സാക്ഷരതാ കോർഡിനേറ്റർ കെ എം. സജിത, ഷമീർ എളേടത്ത് തുടങ്ങിയവർ പങ്കെടുത്തു. പുനരധിവാസ കമ്മറ്റി കൺവീനർ അഡ്വ. വി.കെ. ജ്യോതി പ്രകാശ് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പി.വൈ. സാജിത നന്ദിയും പറഞ്ഞു