കൊടുങ്ങല്ലൂർ: മകര സംക്രാന്തി ദിനത്തിലെ സായാഹ്നത്തിൽ ആയിരത്തി ഒന്ന് കതിനാവെടികൾ ശബ്ദഘോഷം തീർത്തതോടെ പ്രസിദ്ധമായ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവ പരിപാടികൾക്ക് തുടക്കമായി. ഇന്നാണ് ഒന്നാം താലപ്പൊലി. ഇന്ന് മുതൽക്കാണ് ആനയെഴുന്നെള്ളിപ്പ് ഉൾപ്പെടെയുള്ള ചടങ്ങുകളുണ്ടാവുക. ഉച്ചയ്ക്ക് ഒരു മണിക്കും പുലർച്ചെ 1.30നുമാണ് ആനയെഴുന്നെള്ളിപ്പുകൾ.

വിവിധ ഇടങ്ങളിൽ നിന്നെത്തി ചേർന്നിട്ടുള്ള ആയിരങ്ങൾ ജന നിബിഡമാക്കിയിട്ടുള്ള ക്ഷേത്രാങ്കണത്തിൽ ഇന്ന് രാവിലെ മുതൽ കുഡുംബി സമുദായംഗങ്ങളായ ദേവീഭക്തർ ചെറു സംഘങ്ങളായി ചേർന്ന് നടത്തുന്ന സവാസിനി പൂജ, ആടിനെ നട തള്ളൽ എന്നീ സവിശേഷ ചടങ്ങുകൾ നടക്കും. ഇന്നലെ വൈകീട്ട് കൊടുങ്ങല്ലൂർ സാഹിത്യ സദസിന്റെ ദേവീ സ്തുതികൾ, റിയ ജയറാം അവതരിപ്പിച്ച വയലിൻ കച്ചേരിയും വായ്പാട്ടും, കണ്ണൂർ ഭരതശ്രീ കലാക്ഷേത്രം അവതരിപ്പിച്ച നൃത്തനിശ എന്നിവയും നടന്നു.

ഇന്ന് വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം കുഡുംബി സമുദായം വക കരിമരുന്ന് പ്രയോഗം, 7ന് കലാചാര നൃത്ത വിദ്യാലയത്തിന്റെ നൃത്തനൃത്ത്യങ്ങൾ, രാത്രി 9ന് ആനന്ദപുരം ഉദിമാനം നാടൻ കലാ സംഘത്തിന്റെ നാടൻപാട്ടും ദൃശ്യാവിഷ്കാരവും നടക്കും.....