കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ തെക്കേ മൈതാനത്ത് 52 ബാഗുകൾ ഉപേക്ഷിച്ച് പോയ സംഘം സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്താനുള്ള പരിശോധന ഊർജ്ജിതമായി. ഇവരെത്തിയ വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി നിരവധി സി.സി. ടി.വി കാമറകൾ പൊലീസ് പരിശോധിച്ചു കഴിഞ്ഞു.
ഇന്നത്തോടെ ഈ പരിശോധന ഫലം കാണുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ജനു. 12 ന് പുലർച്ചെ രണ്ട് മണിയോടെ ക്ഷേത്ര മൈതാനത്ത് നിന്നും പോയ വാഹനങ്ങൾ കണ്ടെത്താനാണ് അന്വേഷണം നീളുന്നത്. അന്ന് പുലർച്ചെയാണ് ബാഗുകൾ ക്ഷേത്രാങ്കണത്തിൽ ഉപേക്ഷിച്ചിട്ടുള്ളത്. കൂട്ടത്തിലുണ്ടായിരുന്ന വാഹനങ്ങളിലൊന്ന് അപകടത്തിൽ പെട്ട് ഒരാൾ മരിച്ചെന്നും അവിടേക്ക് പോകുന്നതിനാലാണ് ബാഗുകൾ ക്ഷേത്ര മൈതാനത്ത് സൂക്ഷിക്കുന്നതെന്ന് കൂടി വ്യക്തമാക്കിയിട്ടാണ് ഈ സംഘം പോയത്. ഒരു ടെമ്പോ ട്രാവലറിലും ഒരു എത്തിയോസ് കാറിലുമായി ഏകദേശം നാല് മാസത്തോളം പ്രായമുള്ള ഒരു കുട്ടി അടക്കം വിവിധ പ്രായത്തിലുള്ള സ്ത്രീകളും കയറിപ്പോകുന്നത് കണ്ടെന്നും ഇവരിൽ ചിലർ കരയുന്നുണ്ടായിരുന്നുവെന്നും ക്ഷേത്ര മൈതാനത്തുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശിയായ ടാക്‌സി ഡ്രൈവർ അന്ന് പൊലീസിനോട് വ്യക്തമാക്കിയിരുന്നു.