കൊടുങ്ങല്ലൂർ: ന്യൂജെൻ ട്രെൻഡായി മാറിയ മൈക്രോ ആർട്ടിൽ അസാമാന്യമായ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ച് ബിരുദ വിദ്യാർത്ഥി. മാല്ല്യങ്കര എസ്.എൻ.എം കോളേജിലെ ബി.കോം വിദ്യാർത്ഥിയായ അതുൽ ആനന്ദ് ആണ് പെൻസിൽ മുനകളിൽ ശിൽപ്പങ്ങളൊരുക്കുന്നത്. സ്വതസിദ്ധമായുണ്ടായ അഭിരുചി, സ്വയം വികസിപ്പിച്ചെടുത്താണ് അതുൽ ഈ രംഗത്ത് തനത് ഇടം ഉറപ്പിച്ചത്. മൈക്രോ ആർട്ടിൽ റഷ്യൻ വംശജൻ സലാവത്ത് ഫിഡായിയുടെ ഒരു സൃഷ്ടി സാമൂഹിക മാദ്ധ്യമങ്ങളിൽ ശ്രദ്ധയിൽപെട്ടതോടെയാണ് അതുൽ ഈ രംഗത്തേക്ക് ആകൃഷ്ടനായത്. കലാപരമായ കഴിവും ഭാവനയ്ക്കുമൊപ്പം അതീവശ്രദ്ധയും സൂക്ഷ്മതയും അനിവാര്യമായ ഒന്നാണിത്. അതുലിന്റെ നിശ്ചയദാർഢ്യത്തിന് മാതാപിതാക്കളിൽ നിന്നും പൂർണ്ണ പിന്തുണ ലഭിച്ചു. ബ്‌ളാക്ക് ബോർഡുകളിലെഴുതുന്ന ചോക്ക് കഷണങ്ങളിൽ ശിൽപ്പങ്ങൾ തീർത്തായിരുന്നു തുടക്കം. തുടർന്ന് പെൻസിൽ മുനകളിൽ ശിൽപ്പങ്ങൾ തീർക്കാനാരംഭിച്ചു. പ്രണയ സമ്മാനങ്ങൾക്കും ജന്മദിനം തുടങ്ങീ വിവാഹ സമ്മാനത്തിനും വരെ ഇത് അർത്ഥവത്തായ ഒരു ഉപഹാരമായി നൽകാമെന്ന് കണ്ടവരൊക്കെ അവരവർക്കിഷ്ടപ്പെട്ട ശിൽപ്പങ്ങൾ തീർക്കാൻ അതുലിനെ ആശ്രയിക്കാൻ തുടങ്ങി. ഇതോടെ കൂടുതൽ പ്രൊഫഷണലായ ഈ കലാകാരൻ തന്റെ സൃഷ്ടികൾ നിറങ്ങളാൽ അലംകൃതമായ ചില്ലുകുപ്പികളിലാക്കി, കൊറിയറായും മറ്റും ആവശ്യക്കാരിലേക്ക് എത്തിക്കുന്നതിൽ വിജയിച്ചു. 8921058007 എന്ന ഇദ്ദേഹത്തിന്റെ വാട്സ് ആപ്പ് നമ്പറിലൂടെയാണ് ഉപഭോക്താക്കളുമായുള്ള ആശയവിനിമയവും മൂല്യ നിർണ്ണയവുമൊക്കെ നടക്കുന്നത്. കഴിഞ്ഞ വർഷാവസാനം ഇൻസ്റ്റഗ്രാമിൽ തന്റേതായ ഒരു പേജും തുടങ്ങി. പെൻസിൽ ഇൻസ്‌ക്രൈബർ എന്ന ഈ പേജിന് ഇതിനകം ഏഴായിരത്തിലധികം ഫോളോവേഴ്‌സ് ആയി കഴിഞ്ഞു. തീവണ്ടി എന്ന ചിത്രം റിലീസാകും മുമ്പ് അതിന്റെ പോസ്റ്റർ മാതൃകയാക്കി, അതുൽ നിർമ്മിച്ച പെൻസിൽ മുനയിലെ ശിൽപ്പം ചിത്രത്തിലെ നായകനായ ടൊവിനോ തോമസ് തന്റെ പേജിൽ പോസ്റ്റ് ചെയ്തത് ഒന്നര ലക്ഷത്തിലധികം പേരുടെ ഇഷ്ടം നേടി. സ്റ്റീലിൽ തീർത്ത നീളൻ കത്തിയാണ് അതുലിന്റെ പണിയായുധം. എടവിലങ്ങിലെ മാങ്കറ സദാനന്ദൻ ജയലക്ഷ്മി ദമ്പതികളുടെ രണ്ട് മക്കളിൽ ഇളയവനാണ്. സഹോദരൻ അഖിൽ ന്യൂസിലാൻഡിൽ ഉദ്യോഗസ്ഥനാണ്.