തൃശൂർ: എട്ടരക്കോടി വായ്പാകുടിശിക പിരിക്കാൻ ഭവനനിർമ്മാണ ബോർഡ് അവസാന അടവായി നടത്തിയ അദാലത്തിൽ 1.16 കോടി രൂപ തിരിച്ചടവുണ്ടാകുമെന്ന് പ്രതീക്ഷ. 20 വർഷം മുമ്പ് നൽകിയ വായ്പയിൽ 57 പേരിൽ നിന്നാണ് തൃശൂർ ജില്ലയിൽ മാത്രം ബോർഡിന് എട്ടര കോടി രൂപയുടെ കുടിശികയുള്ളത്. ഇന്നലെ നടന്ന അദാലത്തിൽ പങ്കെടുത്ത 44 പേരിൽ 38 പേർ തിരിച്ചടവിന് സന്നദ്ധത അറിയിച്ചു.
മൂന്ന് മാസത്തിനുള്ളിൽ നിശ്ചിത തുക അടയ്ക്കണമെന്നാണ് വ്യവസ്ഥ. പിഴയും പിഴപ്പലിശയും മുടക്കുപലിശയും ഉൾപ്പെടെ എഴുതിത്തള്ളിക്കൊണ്ടുള്ള വമ്പൻ ഓഫറുകളായിരുന്നു ബോർഡ് അദാലത്തിൽ മുന്നോട്ടുവച്ചത്. ഉദാഹരണത്തിന് 20 വർഷം മുമ്പ് മൂന്നരലക്ഷം വായ്പയെടുത്ത ഒരാളുടെ കുടിശിക ഇപ്പോൾ 20 ലക്ഷം രൂപയാണ്. കടാശ്വാസ പദ്ധതിയനുസരിച്ച് അഞ്ച് ലക്ഷത്തോളം രൂപ അടച്ചാൽ മതി. ഏഴര ലക്ഷത്തോളം രൂപ കുടിശികയുള്ളയാൾക്ക് അടക്കേണ്ടത് 1.25 ലക്ഷം രൂപയായിരുന്നു.
തിരിച്ചടവ് പലരും മുടക്കിയതോടെ 2003 മുതൽ ഭവന നിർമ്മാണ ബോർഡ് വായ്പ നൽകുന്നത് നിറുത്തിവച്ചിരുന്നു. 1995 മുതലാണ് സാധാരണക്കാർക്ക് ആശ്വാസമായി ഭവന നിർമ്മാണ ബോർഡ് നിർലോഭം വായ്പ അനുവദിച്ചിരുന്നത്. അന്ന് വായ്പയെടുത്തവരിൽ പലർക്കും വർഷങ്ങളായി നോട്ടീസ് അയച്ചും തിരിച്ചടവിനുള്ള നിരവധി അവസരങ്ങൾ നൽകിയും ഫലമില്ലാതായതോടെ ബോർഡ് മുഴുവൻ കുടിശികക്കാരുടെയും കിടപ്പാടം ജപ്തി ചെയ്തു. വീടും സ്ഥലവും ബോർഡിന്റെ സ്വന്തമായെങ്കിലും ആരെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടിരുന്നില്ല. ലേലം വിളിച്ചെങ്കിലും ബോർഡ് പ്രതീക്ഷിച്ച തുക ലഭിക്കാതിരുന്നതാണ് കാരണം. ജപ്തി ചെയ്തുവെന്നറിഞ്ഞതോടെ ചിലർ വീടും സ്ഥലവും ഉപേക്ഷിച്ച് നാടുവിട്ടു. പലരുടെയും വീടുകൾ നശിച്ചു തുടങ്ങിയെങ്കിലും ബാദ്ധ്യതയുള്ളതിനാൽ റിപ്പയർ ചെയ്യാനോ വിൽക്കാനോ ചെയ്യാത്ത അവസ്ഥയിലായിരുന്നു എല്ലാവരും. സർക്കാരിന് ലഭിച്ച നിരന്തരമായ നിവേദനങ്ങൾക്കൊടുവിലാണ് നിശ്ചിത ശതമാനം തിരിച്ചടവ് നടത്തിയവരുടെ വായ്പകൾ എഴുതി തള്ളാനും മറ്റുള്ളവർക്ക് ആശ്വാസ പദ്ധതി നൽകാനും തീരുമാനമായത്. ജില്ലയിൽ ഒരാളുടെ വായ്പ മാത്രമാണ് എഴുതി തള്ളിയത്.
നടപടിക്രമം ഇങ്ങനെ
ജില്ലയിലെ 40 വില്ലേജുകളിലായാണ് 57 കുടിശികക്കാരുണ്ടായിരുന്നത്. അതത് വില്ലേജ് ഓഫീസറെയും കൂട്ടി ഓരോ വീടുകളും പത്ത് ദിവസം കൊണ്ട് ഭവന നിർമ്മാണ ബോർഡിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഇതിന് ശേഷം മാറാരോഗം ബാധിച്ചവർ, വിധവകൾ, ജോലിയില്ലാത്തവർ ഇങ്ങനെ തിരിച്ചടവ് മുടങ്ങിയവരെ എട്ടു കാറ്റഗറികളായി തിരിച്ചു. ജില്ലയിൽ ആറു കാറ്റഗറികളിൽപ്പെട്ടവരാണ് ഉണ്ടായത്. കിടപ്പാടം ഉപേക്ഷിച്ച് പോയവരുടെ വിവരങ്ങൾ സർക്കാരിന് റിപ്പോർട്ട് ചെയ്തു.
കുടിശികക്കാർ 57
പിരിഞ്ഞുകിട്ടാനുള്ളത് 8.50 കോടി
അദാലത്തിലെത്തിയത് 44 (4.5 കോടി)
തിരിച്ചടവിന് സമ്മത പത്രം നൽകിയവർ 38 (1.16 കോടി)
ഉദ്യോഗസ്ഥന്മാരുടെ കൂട്ടായ്മ കൊണ്ടാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ പട്ടിക പൂർത്തിയാക്കാനും അദാലത്ത് നടത്താനും കഴിഞ്ഞത്. ഈ അവസരം സമ്മതപത്രം നൽകിയവർ വിനിയോഗിക്കുമെന്നാണ് പ്രതീക്ഷ - ജഗൻ തോമസ് ( എക്‌സിക്യൂട്ടീവ് എൻജിനിയർ, ഭവനനിർമ്മാണ ബോർഡ്)