ചാലക്കുടി: പ്രതിപക്ഷ നേതാവ് പരാതികൾ സ്വീകരിക്കുന്ന വാർത്ത പുറത്തുവന്നതോടെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ പ്രളയ ബാധിതരുടെ കാര്യത്തിൽ ചില ജാഗ്രതാ നടപടികൾക്ക് ശ്രമം നടത്തുന്നുണ്ടെന്ന് രമേശ് ചെന്നിത്തല. ഇനിയും നഷ്ടപരിഹാരം ലഭിക്കാത്ത പ്രളയ ബാധിതരായവരിൽ നിന്നും പരാതികൾ സ്വീകരിക്കുന്ന ജില്ലയിലെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ജില്ലകളിലായി ആയിരക്കണക്കിന് ജനങ്ങളാണ് പ്രളയ ദുരിതത്താൽ ഇപ്പോഴും നട്ടം തിരിയുന്നത്. വെള്ളം കയറിയ വീടുകൾക്ക് സർക്കാർ പ്രഖ്യാപിച്ച പതിനായിരം രൂപ വരെ ഇനിയും ലഭിക്കാത്ത നൂറുകണക്കിന് കുടുംബങ്ങളുണ്ട്. കന്നുകാലികൾ ചത്തൊടുങ്ങിയ ക്ഷീര കർഷകരുടെയും സ്ഥിതി മറിച്ചല്ല. തകർന്ന വീടുകളുടെ പുനർനിർമ്മാണത്തിനും സർക്കാർ ഫണ്ട് നൽകിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.

പൂർണ്ണമായും തകർന്ന വീടുകളെപ്പോലും 75 ശതമാനത്തിൽ താഴെ കേടുപാടുകൾ സംഭവിച്ച പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 75 ശതമാനത്തിൽ കൂടുതൽ നാശനഷ്ടമുണ്ടെങ്കിൽ പുതിയ വീട് നൽകുമെന്ന പ്രഖ്യാപനത്തെ തുടർന്നാണ് ഈ തന്ത്രമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. പ്രളയ ബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ട്രിബ്യൂണൽ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എല്ലാ വിഭാഗം ജനങ്ങളുടെ പക്കൽ നിന്നും പരാതികൾ സ്വീകരിക്കുന്നുണ്ട്. ഇതിൽ രാഷട്രീയമില്ല. ഇതെല്ലാം സർക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽ കൊണ്ടുവന്ന് പ്രശ്‌നത്തിൽ സമ്മർദ്ദം ചെലുത്തുക എന്നതാണ് തന്റെ ദൗത്യമെന്നും രമേശ് ചെന്നിചത്തല പറഞ്ഞു.

ചാലക്കുടി എസ്.എൻ.ജി ഹാളിൽ നടന്ന ചടങ്ങിൽ നൂറു കണക്കിനാളുകൾ പരാതി നൽകാനെത്തി. വീട് നഷ്ടപ്പെട്ട അറയ്ക്കൽ പുതുക്കാട്ടുകാരൻ അന്നത്തിന്റെ പരാതിയാണ് ആദ്യം സ്വീകരിച്ചത്. വാഴച്ചാൽ ആദിവാസി കോളനിയിലെ 19 കുടുംബങ്ങളുടെ പരാതിയും ചെന്നിത്തലയ്ക്ക് കിട്ടി. ഡി.സി.സി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ, ജോസഫ് ചാലിശേരി, കെ. ജയിംസ് പോൾ, പി.കെ. ഭാസി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എബി ജോർജ്ജ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.