ചാഴൂർ: ആനക്കല്ല് - അമ്മാടം - പെരിങ്ങോട്ടുകര പൊതുമരാമത്ത് റോഡ് റബ്ബറൈസ്ഡ് ചെയ്തു അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തികളുടെ നിർമ്മാണോദ്ഘാടനം ഗീത ഗോപി എം.എൽ.എ നിർവഹിച്ചു. പള്ളിപ്പുറം മുതൽ പെരിങ്ങോട്ടുകര സെന്റർ വരെയാണ് റോഡ് റബ്ബറൈസ്ഡ് ചെയ്യുന്നത്. നാട്ടിക നിയോജക മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡ് കൂടിയാണ് ആനക്കല്ല് - അമ്മാടം - പെരിങ്ങോട്ടുകര റോഡ് .
ഈ റോഡിൽ പാറളം പഞ്ചായത്തിന്റെ പരിധിയിലുള്ള പള്ളിപ്പുറം മുതൽ ചാഴൂർ, താന്ന്യം എന്നീ പഞ്ചായത്തുകളുടെ പരിധിയിലുള്ള പെരിങ്ങോട്ടുകര സെന്റർ വരെയുള്ള ഭാഗം അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചത്. തിരക്കേറിയ ഈ റോഡിന്റെ നിർമ്മാണത്തിനായി കലുങ്കുകളുടെ നിർമ്മാണവും, കിണർ, ബസ് സ്റ്റോപ്പ്, കോൺക്രീറ്റ് കാന നിർമ്മാണം, പാർശ്വഭിത്തി നിർമ്മാണം മുതലായവ പൂർത്തിയാക്കിയിട്ടുണ്ട്.
2016-17 സാമ്പത്തിക വർഷത്തിലെ സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ ഈ പ്രവൃത്തിക്ക് 4. 52 ലക്ഷം രൂപയുടെ ഭരണാനുമതിയും, പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ സാങ്കേതികാനുമതിയും ലഭിച്ചു. ചടങ്ങിൽ ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ , അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ശ്രീദേവി, ചേർപ്പ് പി.ഡബ്ല്യു.ഡി.അസിസ്റ്റന്റ് എൻജിനിയർ നിമേഷ് പുഷ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.....