എരുമപ്പെട്ടി: പൂനെയിൽ നടന്ന ഖേലോ ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ പന്നിത്തടം ചിറമനേങ്ങാട് കോൺകോഡ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി കെ.എച്ച്. സ്വാലിഹയ്ക്ക് ജില്ലയിൽ ഉജ്വല വരവേൽപ്പ്. മത്സരം കഴിഞ്ഞ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ സ്വാലിഹയെ ജനപ്രതിനിധികൾ ഉൾപ്പടെയുള്ള പൗരപ്രമുഖരും സ്‌കൂൾ അധികൃതരും വിദ്യാർത്ഥികളും ചേർന്ന് സ്വീകരിച്ചു.
എയ്യാൽ കുണ്ടുപറമ്പിൽ ഹമീദിന്റെയും റജിലയുടെയും മകളായ സ്വാലിഹ അണ്ടർ 17 ഗേൾസ് ഹൈജമ്പിലാണ് ദേശീയ തലത്തിൽ സ്വർണ്ണം നേടിയത്. ദേശീയ സ്‌കൂൾ കായിക മേളയിലും സ്വാലിഹ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പത്മിനി ടീച്ചർ, മെമ്പർ കല്യാണി എസ്. നായർ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് വിൻസെന്റ് കാട്ടൂക്കാരൻ, നാഷണൽ ഹൈജമ്പ് വിന്നർ കെ.ആർ. സാംബശിവൻ, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്‌കൂൾ മാനേജർ ആർ.എം. ബഷീർ, പ്രിൻസിപ്പൽ ബീന ഉണ്ണി, പി.ടി.എ പ്രസിഡന്റ് കെ.ടി. മണി തുടങ്ങിയവർ പുഷ്പഹാരവും പൊന്നാടയും അണിയിച്ചു. സ്വാലിഹയുടെ പരിശീലകരായ സി.പി. ആന്റോ, വി.ജി. സുമ എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.