തൃശൂർ : തിരൂർ പള്ളി പെരുന്നാളിനിടെ വിയ്യൂർ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ അനീഷിനെ ആക്രമിച്ച കേസിലെ ആറു പേരെ അറസ്റ്റ് ചെയ്തു. വിയ്യൂർ സ്വദേശികളായ മുട്ടിക്കൽ വീട്ടിൽ ഹെൻട്രി ലൂക്കോസ്(50), മകൻ ഹാരീസൺ (20), പാലമറ്റം വീട്ടിൽ മിലൻ (22), വട്ടക്കുഴി വീട്ടിൽ അജിത്ത് (23),നീലങ്കാവിൽ വീട്ടിൽ ഷെറിൻ (22), ആളൂർ വീട്ടിൽ ടിന്റു ആന്റോ (23) എന്നിവരെയാണ് വിയ്യൂർ എസ്.ഐമാരായ ഡി. ശ്രീജിത്ത്, കെ.പി. ആനന്ദ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.
വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവ്വഹണം തടസപ്പെടുത്തൽ തുടങ്ങിയ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയത്. പെരുന്നാളിനിടെ ഉണ്ടായ തർക്കത്തിനിടെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് പ്രശ്‌നങ്ങൾ തുടക്കം. ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മുപ്പതോളം വരുന്ന സംഘം പൊലീസിനെതിരെ തിരിഞ്ഞു. തുടർന്ന് പൊലീസുകാരനായ അനീഷിനെ കല്ല് കൊണ്ട് മുഖത്ത് ഇടിച്ചു. പരിക്കേറ്റ അനീഷിനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ജീപ്പ് കേടുവരുത്തുകയും ചെയ്തു. 30 ഓളം പേർക്കെതിരെയാണ് കേസ് എടുത്തത്.