എ.എസ്. കുട്ടിയെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കി
മേരി തോമസിനും സേവ്യറിനും താക്കീത്
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിലെ തോൽവിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിൽ കൂട്ട അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി തീരുമാനം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ.എസ്. കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സേവ്യർ ചിറ്റിലപ്പിള്ളി, വടക്കാഞ്ചേരി ഏരിയാ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ ഏരിയാ കമ്മിറ്റി അംഗം കെ.പി. മദനൻ എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
എ.എസ്. കുട്ടിയെ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയപ്പോൾ മേരി തോമസ്, പി.എൻ. സുരേന്ദ്രൻ എന്നിവരെ താക്കീത് ചെയ്തു, കെ.പി. മദനനെ തരംതാഴ്ത്തി. തീരുമാനം പിന്നീട് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് അംഗീകരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷമേ നടപടികൾ പ്രാബല്യത്തിലാകൂ. എ.എസ്. കുട്ടിക്കായിരുന്നു നിയോജക മണ്ഡലത്തിന്റെ ചുമതല. വിജയത്തിനു കൃത്യമായ കരുതൽ നടപടികൾ എടുത്തില്ലെന്നാണ് കുട്ടിക്കെതിരെയുള്ള ആരോപണം.
വടക്കാഞ്ചേരിയിലെ സ്ഥാനാർത്ഥിത്വവും പരാജയവും പാർട്ടിയിൽ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇവിടെ ആദ്യം നിർദ്ദേശിച്ചത് കെ.പി.എ.സി ലളിതയുടെ പേരാണ്. പിന്നീട് ചിലർ എതിർപ്പുയർത്തി. പ്രകടനം നടത്തുകയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ കെ.പി.എ.സി ലളിത പിൻമാറുകയായിരുന്നു. ജില്ലയിൽ സമ്പൂർണ്ണ വിജയം നേടാവുന്ന സ്ഥിതി ഇത് മൂലം കളഞ്ഞു കുളിക്കുകയായിരുന്നുവെന്ന് അച്ചടക്ക സമിതി വിലയിരുത്തിയിരുന്നു. യു.ഡി.എഫിന് ജില്ലയിൽ ലഭിച്ച ഏക സീറ്റാണ് വടക്കാഞ്ചേരി. മേരി തോമസിന്റെ എതിർ സ്ഥാനത്തായിരുന്ന അനിൽ അക്കര 43 വോട്ടിനായിരുന്നു ജയിച്ചത്. പരാജയം പാർട്ടിക്കുള്ളിൽ രൂക്ഷമായ വിഭാഗീയത ഉയർത്തുമെന്ന തിരിച്ചറിവിനെ തുടർന്ന് യു.പി. ജോസഫ് കൺവീനറായി അന്വേഷണ കമ്മിഷനെ നിയമിക്കുകയായിരുന്നു. കെ.പി.എ.സി ലളിതക്കെതിരെ എതിർപ്പുയർന്നതിനു പിറകിൽ മേരി തോമസ് അടക്കമുള്ളവരുടെ ഇടപെടലുണ്ടായെന്നും കമ്മിഷൻ കണ്ടെത്തിയിരുന്നു. പ്രശ്‌നം ഉടലെടുത്തപ്പോൾ മുതിർന്ന നേതാക്കളായ സേവ്യർ ചിറ്റിലപ്പിള്ളി, പി.എൻ. സുരേന്ദ്രൻ എന്നിവർ ജാഗ്രത കാട്ടിയില്ലെന്നു നിരീക്ഷിച്ചു.
കേന്ദ്രകമ്മിറ്റി അംഗം കെ. രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, മന്ത്രി എ.സി. മൊയ്തീൻ എന്നിവരും പങ്കെടുത്തു. ഇന്നലെ നടന്ന സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗത്തിൽ വടക്കാഞ്ചേരി തിരഞ്ഞെടുപ്പ് മാത്രമാണ് അജണ്ടയിൽ ഉണ്ടായിരുന്നത്.