തൃശൂർ: ഊർജ സ്രോതസ്സുകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിച്ച് വൈദ്യുതി മിച്ച സംസ്ഥാനമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംസ്ഥാന വൈദ്യുതി ബോർഡ് നടപ്പാക്കുന്ന പുരപ്പുറ സൗരോർജ പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. ഇന്നലെ വരെ ജില്ലയിൽ 6300 പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. 31വരെയാണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. സംസ്ഥാനത്ത് തൃശൂരിന് പുറമെ വയനാട് ജില്ലയിൽ നിന്നാണ് കൂടുതൽ പേർ അംഗമായിട്ടുള്ളത്. സൗരനിലയം സ്ഥാപിക്കാൻ 200 സ്‌ക്വയർ ഫീറ്റ് സ്ഥലമെങ്കിലും ഉള്ളവർക്കാണ് പദ്ധതിയിൽ അംഗമാകാൻ അർഹതയുള്ളത്. സംസ്ഥാനത്ത് നിന്ന് 500 മെഗാവാട്ട് വൈദ്യുതിയാണ് പദ്ധതിയിൽ ഉത്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ജില്ലയിൽ നിന്ന് 30 മെഗാവാട്ടാണ്. ഇതുവരെയുള്ള രജിസ്‌ട്രേഷൻ കണക്കനുസരിച്ച് 31 മെഗാവാട്ട് വൈദ്യുതി ലഭിക്കും. പദ്ധതിയിൽ അംഗമാകുന്നവർക്ക് എപ്പോൾ വേണമെങ്കിലും സൗരനിലയം വേണ്ടെന്ന് വയ്ക്കാനുള്ള അവകാശമുണ്ട്. പിഴയോ മറ്റു നടപടികളോ ഇല്ലാത്തതാണ് പിന്തുണ ഏറാൻ കാരണം. കൂടുതൽ പേരെ അംഗങ്ങളാൻ കെ.എസ്.ഇ.ബിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ വിഭാഗങ്ങളിൽപ്പെട്ട വൈദ്യുതി ഉപഭോക്താക്കളുടെ യോഗം വിളിച്ചുചേർത്തിരുന്നു.

 പുരപ്പുറ സൗരോർജ പദ്ധതി

ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊർജസുരക്ഷ ഉറപ്പാക്കാനാണ് നാടിന് ഊർജം വീടിന് ലാഭം എന്ന ലക്ഷ്യത്തോടെ 'പുരപ്പുറ സൗരോർജ പദ്ധതി'ക്ക് കെ.എസ്.ഇ.ബി. തുടക്കംകുറിച്ചിരിക്കുന്നത്. വരുന്ന മൂന്ന് വർഷകാലത്തിനുള്ളിൽ കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആയിരം മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളിൽനിന്ന് ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൽ 500 മെഗാവാട്ട് പുരപ്പുറ സൗരോർജപദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് തീരുമാനം.

ഗാർഹിക കാർഷിക ഉപഭോക്താക്കൾക്ക് 150 മെഗാവാട്ട്, സർക്കാർ കെട്ടിടങ്ങൾക്ക് 100, ഗാർഹികേതര, സർക്കാർ ഇതരസ്ഥാപനങ്ങൾക്ക് 250 മെഗാവാട്ടുമാണ് സംസ്ഥാനത്ത് വിഭാവനം ചെയ്തിട്ടുള്ളത്. ഉപഭോക്താവിന്റെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കെ.എസ്.ഇ.ബി.യുടെ ചെലവിൽ സൗരനിലയം സ്ഥാപിക്കുന്നതാണ് ആദ്യത്തെ പദ്ധതി. ഇതിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനം കെട്ടിടമുടമയ്ക്ക് നൽകും. നിലയത്തിന്റെ പരിപാലനം 25 വർഷത്തേക്ക് കെ.എസ്.ഇ.ബി. നിർവഹിക്കും.

കെട്ടിടങ്ങളുടെ മേൽക്കൂരയിൽ സംരംഭകന്റെ ചെലവിൽ സൗരനിലയം സ്ഥാപിക്കുന്നതാണ് രണ്ടാമത്തെ പദ്ധതി. ഇതിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഭാഗികമായോ പൂർണമായോ നിശ്ചിത നിരക്കിൽ കെ.എസ്.ഇ.ബി. വാങ്ങും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണമായും സംരംഭകന് ആവശ്യമെങ്കിൽ ഉപയോഗിക്കാം. സോളാർ നിലയങ്ങൾ സ്ഥാപിക്കാൻ കുറഞ്ഞത് 200 ചതുരശ്ര അടിയാണ് വേണ്ടത്. 200 ചതുരശ്ര അടി സോളാർ പാനൽ സ്ഥാപിക്കുന്നതിന് 1.30 ലക്ഷം രൂപയാണ് കെ.എസ്.ഇ.ബി. ഈടാക്കുന്നത്.

പുരപ്പുറ സൗരോർജ പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നവർ 31നകം www.kseb.in എന്ന വെബ്‌സൈറ്റിൽ 'സൗര' എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 2555544.

.............................................

കൂടുതൽ പേരെ അംഗങ്ങളാക്കുകയെന്നതാണ് ലക്ഷ്യം. ഇപ്പോൾ തന്നെ ജില്ലയുടെ സ്ഥാനം ഒന്നാമതാണ്.-- പ്രസാദ് മാത്യു
(ഡെപ്യൂട്ടി ചീഫ് എൻജിനിയർ, ഇലക്ട്രിക്കൽ സർക്കിൾ, തൃശൂർ)

പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർ 6300

ജില്ലയിൽ നിന്ന് ലക്ഷ്യമിടുന്നത് 30 മെഗാവാട്ട്