gvr-muncipal-chairperson
നഗരസഭ ചെയർപേഴ്‌സൺ വി.എസ്. രേവതി

ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സണായി സി.പി.ഐയിലെ വി.എസ്. രേവതി തിരഞ്ഞെടുക്കപ്പെട്ടു. 41ൽ 22 വോട്ട് നേടിയാണ് വിജയം. എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ സുഷ ബാബു19 വോട്ടു നേടി. മുൻ ചെയർപേഴ്സൺ പ്രൊഫ. പി.കെ. ശാന്തകുമാരിയാണ് രേവതിയുടെ പേര് നിർദ്ദേശിച്ചത്. എൽ.ഡി.എഫ് കക്ഷി നേതാവായ ടി.ടി. ശിവദാസൻ പിന്താങ്ങി. 22-ാം വാർഡ് ആയ മാണിക്കത്തുപടിയെയാണ് വിരമിച്ച അദ്ധ്യാപികയായ രേവതി പ്രതിനിധീകരിക്കുന്നത്. സി.എൻ. ജയദേവൻ എം.പിയുടെ ഭാര്യയുടെ സഹോദര പത്നിയാണ്.

പ്രതിപക്ഷ നേതാവ് ബാബു ആളൂർ ആണ് സുഷയുടെ പേര് നിർദ്ദേശിച്ചത്. റഷീദ് കുന്നിക്കൽ പിന്താങ്ങി. യു.ഡി.എഫിന് 20 അംഗങ്ങളുണ്ടെങ്കിലും 19 വോട്ട് മാത്രമെ സുഷയ്ക്ക് ലഭിച്ചുള്ളു. ആശുപത്രിയിൽ ചികിത്സയിലായ കോൺഗ്രസ് അംഗം ടി.കെ. വിനോദ് കുമാർ എത്തിയിരുന്നില്ല. ബി.ജെ.പിയുടെ ഏക അംഗവും വോട്ടെടുപ്പിനെത്തിയില്ല. ഡെപ്യൂട്ടി കളക്ടർ ജെസ്സിക്കുട്ടി മാത്യുവായിരുന്നു വരണാധികാരി. എൽ.ഡി.എഫിലെ ധാരണപ്രകാരം പ്രൊഫ. പി.കെ. ശാന്തകുമാരി രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.

അടുത്ത ഒരു വർഷമാണ് സി.പി.ഐയുടെ ഊഴം. ഗീത ഗോപി എം.എൽ.എ, ദേവസ്വം ഭരണ സമിതി അംഗം എ.വി. പ്രശാന്ത് എന്നിവർ പുതിയ ചെയർപേഴ്സനെ അഭിനന്ദിക്കാനെത്തിയിരുന്നു. മുൻ നഗരസഭാദ്ധ്യക്ഷരായ ടി.ടി. ശിവദാസൻ, പ്രൊഫ. പി.കെ. ശാന്തകുമാരി, സി.പി.എം ജില്ലാ കമ്മിറ്റി അംഗം സി. സുമേഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മുഹമ്മദ് ബഷീർ, അഭിലാഷ് വി. ചന്ദ്രൻ, സുരേഷ് വാര്യർ, ആർ.വി. മജീദ്, ബാബു ആളൂർ, റഷീദ് കുന്നിക്കൽ, പി.എൻ. പെരുമാൾ, ആർ. ജയകുമാർ, ലിജിത് തരകൻ, നിർമല കേരളൻ, എം. രതി, ഷൈലജ ദേവൻ എന്നിവർ സംസാരിച്ചു.