അന്തിക്കാട്: നീതിയെ വെല്ലുവിളിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് ഇടത് സർക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. അന്തിക്കാട് പൊലീസ് കള്ളക്കേസെടുത്തെന്ന് ആരോപിച്ച് എ.ഐ.വൈ.എഫ് നടത്തുന്ന രാപ്പകൽ സമരം അന്തിക്കാട് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എ.ഐ.വൈ.എഫ് നാട്ടിക മണ്ഡലം പ്രസിഡന്റ് വൈശാഖ് അന്തിക്കാട് അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.പി. സന്ദീപ്, സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ, സി.പി.ഐ നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, അസി. സെക്രട്ടറി കെ.എം. കിഷോർകുമാർ, എ.ഐ.വൈ.എഫ് നാട്ടിക മണ്ഡലം സെക്രട്ടറി ടി.വി. ദീപു, കെ.എം. ജയദേവൻ, ഷീന പറയങ്ങാട്ടിൽ, സുബിൻ നാസർ, ബി.ജി. വിഷ്ണു, എൻ.എ. ഫൈസൽ, പ്രകാശ് പള്ളത്ത്, ഷിമ അഖിൽ, സജൻ കുമാർ, സാജൻ മുടവങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.
എഐ.വൈ.എഫ് പ്രവർത്തകർക്കും നേതാക്കൾക്കും എതിരെ കള്ളക്കേസെടുത്തുവെന്ന് ആരോപിച്ചാണ് സമരം. നവംബർ 19 ന് പെരിങ്ങോട്ടുകര ഐ.ടി.ഐ തിരഞ്ഞെടുപ്പിൽ എ.ഐ.എസ്.എഫ് ചെയർമാൻ സ്ഥാനാർത്ഥി വിജയിച്ച ആഹ്‌ളാദ പ്രകടനത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നതായും ഇവർക്കെതിരെ പരാതി നൽകിയ എ.ഐ.വൈ.എഫ് പ്രവർത്തകരെയാണ് പൊലീസ് പ്രതി ചേർത്ത് കള്ളക്കേസ് എടുത്തതെന്നാണ് ആരോപണം.
സമരത്തിന് ഐക്യാദാർഢ്യം പ്രകടിപ്പിച്ച് സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയുടെ നേതൃത്യത്തിൽ അന്തിക്കാട് സെന്ററിൽ പ്രകടനം നടത്തി. നാട്ടിക മണ്ഡലം സെക്രട്ടറി സി.ആർ. മുരളീധരൻ, അസി. സെക്രട്ടറി കെ.എം. കിഷോർകുമാർ, ടി.കെ. മാധവൻ, ഷിബു കൊല്ലാറ, സജന പർവ്വിൻ എന്നിവർ നേതൃത്വം നൽകി.