കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ മൂന്നാം താലപ്പൊലി മഹോത്സവം ഇന്ന് നടക്കും. പതിവ് എഴുന്നെള്ളിപ്പ് ഉച്ചയ്ക്ക് രണ്ടോടെയാണ് ശ്രീ കുരുംബ അമ്മയുടെ നടയിൽ നിന്നും ആരംഭിച്ചെങ്കിൽ രാത്രി എഴുന്നെള്ളിപ്പ് എടവിലങ്ങ് പതിനെട്ടരയാളം കോവിലകത്ത് നിന്നും പറ എഴുന്നെള്ളിപ്പായാണ് നടക്കുക. ഇത് രാത്രി ഒമ്പതരയോടെ ആരംഭിക്കും. വഴിനീളെ പറയെടുത്ത് നാളെ പുലർച്ചെയാണ് ഇത് ക്ഷേത്രത്തിലെത്തുക. മൂന്നാം താലപ്പൊലി ദിനത്തിന്റെ മറ്റൊരു സവിശേഷതയായ ശ്രീകുരുംബ അമ്മയുടെ നടയിലെ ഗുരുതിയും ഇന്ന് നടക്കും. രാത്രി ഒമ്പതോടെയാണ് ഈ ചടങ്ങ് നടക്കുക.
താലപ്പൊലി മഹോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്നലെ പുലർച്ചെ ആറോടെ രണ്ട് ആനകൾ വിരണ്ടോടിയെങ്കിലും രണ്ടാം താലപ്പൊലി മഹോത്സവത്തെ ബാധിച്ചില്ല. അതിരാവിലെയായിരുന്നു സംഭവം. അഭൂതപൂർവ്വമായ ഭക്തജനത്തിരക്കും ഇന്നലെ ദൃശ്യമായി.
പതിവ് പോലെ ശ്രീ കുരുംബ അമ്മയുടെ നടയിൽ നിന്നും ആരംഭിച്ച താലപ്പൊലി എഴുന്നെള്ളിപ്പ് ക്ഷേത്രാങ്കണത്തിൽ എത്തിയപ്പോഴേക്കും ക്ഷേത്രാങ്കണം ഭക്തജനത്തിരക്കിന്റെ കേന്ദ്രമായി മാറിയിരുന്നു. എഴുന്നെള്ളിപ്പിന്റെ സമാപനത്തിൽ 1001 കതിനാവെടികൾ മുഴങ്ങി. തുടർന്ന് കരിമരുന്ന് പ്രയോഗവും വൈകീട്ട് ഏഴോടെ തൃപ്പുണിത്തറ ലൈല രവീന്ദ്രന്റെ സംഗീതമാലികയും രാത്രി എട്ടിന് ആലുവ രംഗകലയുടെ ശ്രീഭദ്രകാളി ബാലെയും നടന്നു. ഇന്ന് വൈകീട്ട് 6.30ന് നൃത്തനൃത്ത്യങ്ങൾ, രാത്രി എട്ടിന് യദു എസ്. മാരാർ നയിക്കുന്ന ഭക്തിഗാന മഞ്ജരി എന്നിവ നടക്കും.