ഒല്ലൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് പ്രാർത്ഥനാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് ഭദ്രാസനാധിപന്റെ നേതൃത്വത്തിൽ സ്ത്രീകൾ അടക്കമുള്ള ഓർത്തഡോക്‌സ് സഭാ വിശ്വാസികൾ പള്ളിക്കു പുറത്തു കുത്തിയിരിപ്പ് തുടങ്ങി. ഓർത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി കോടതി ഉത്തരവ് ലഭിച്ചതിനെ തുടർന്ന് വികാരിക്ക് ചുമതല കൈമാറണമെന്ന് യാക്കോബായ സഭയോട് ആവശ്യപ്പെട്ടത് അനുസരിച്ചാണ് നൂറോളം വരുന്ന ഓർത്തഡോക്‌സ് വിശ്വാസികൾ പള്ളിയിലെത്തിയത്.

വിവരം മുൻകൂട്ടിയറിഞ്ഞ യാക്കോബായ വിശ്വാസികൾ പള്ളിക്കുള്ളിൽ കടന്ന് ഗേറ്റ് പൂട്ടുകയും പ്രാർത്ഥനയജ്ഞം ആരംഭിക്കുകയും ചെയ്തു. പള്ളിക്കുള്ളിൽ കടക്കാൻ കഴിയാതിരുന്നതിനാൽ അഞ്ച് പുരോഹിതന്മാരടങ്ങുന്ന സംഘം പള്ളിക്ക് വെളിയിൽ കുത്തിയിരിപ്പു തുടങ്ങി. സ്ഥലത്തെത്തിയ മലങ്കര ഓർത്തഡോക്‌സ് തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസും കുത്തിയിരുപ്പിൽ പങ്കുചേർന്നു. പ്രശ്‌നത്തിന് പരിഹാരമാകുന്നതുവരെ കുത്തിയിരുപ്പ് തുടരുമെന്ന് ഭദ്രാസനൻ അറിയിച്ചു.

വിധിയെ തുടർന്ന് പ്രശ്‌നപരിഹാരത്തിനായി കളക്ടറുടെ നിർദ്ദേശപ്രകാരം എ.സി.പി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ആറു വർഷം മുൻപ് ഇതേ വിഷയത്തിൽ പള്ളിയിൽ സംഘർഷം ഉണ്ടായിരുന്നു. ഓർത്തഡോക്‌സ് സഭാ ബിഷപ്പുമാരായ ഗീവർഗീസ് മാർ യൂലിയോസ്, ഡോ. മാത്യൂസ് മാർ ഡേവരിയോസ് എന്നിവരും സ്ഥലത്തെത്തി കുത്തിയിരിപ്പു നടത്തുണ്ട്.