കൊടുങ്ങല്ലൂർ: കാളി തീണ്ടിയവർ എന്ന കവിതയിലൂടെ ശ്രദ്ധേയനായ കണ്ണൻ സിദ്ധാർത്ഥിന്റെ പടുപാട്ട്, ബാൻഡുകളും കോളേജ് കാമ്പസുകളും കടന്ന് സിനിമയിലേക്കെത്തുന്നു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യരക്തസാക്ഷി സർദാർ ഗോപാലകൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സർദാറിലേക്കാണ് പടുപാട്ട് കരാറായത്. തോക്ക് തോൽക്കും കാലം വരും വരെ, വാക്ക് തോൽക്കില്ലെടോ... എന്നാരംഭിക്കുന്ന പടുപാട്ട് എന്ന കവിത കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ഗായിക രശ്മീ സതീഷ് ആലപിച്ചിരുന്നു. രശ്മി ഈ കവിത തന്റെ ബാൻഡിൽ ഉൾപ്പെടുത്തും മുമ്പേ തൃശൂർ കേരളവർമ്മ കോളേജിലെ മുൻ ചെയർമാൻ എ.പി. സുനിൽ, എറണാകുളത്തെ സംഗീതാദ്ധ്യാപിക ഹിമ ഷിൻജോ എന്നിവർ വത്യസ്ത രീതിയിൽ ഇത് ആലപിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഇതിനൊപ്പം എറണാകുളം മഹാരാജാസിലെ ശ്രീലക്ഷ്മി ടിക്ക് ടോക്കിലൂടെയും ഇത് വൈറലാക്കി.

മുഖ്യമന്ത്രി പിണറായി വിജയന്റെ ജനനായകൻ എന്ന ഫേസ് ബുക്ക് പേജിൽ സൈമൺബ്രിട്ടോ നിര്യാതനായതിനെ തുടർന്ന് പോസ്റ്റ് ചെയ്ത വിവരണത്തിന്റെ പശ്ചാത്തല ഗാനമായും കവിത ഉപയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെ കണ്ണൻ രചിച്ച പൂക്കാലം എന്ന കവിത തളിക്കുളത്തെ ദിനി സുനിൽ എന്ന ഗായിക ആലപിച്ച് ജനപ്രിയമാക്കിയിരുന്നു. ഇദ്ദേഹത്തിന്റെ ആദ്യ രചന അച്ചടിച്ച് വന്നത് യോഗനാദത്തിലാണ്. തുടർന്ന് മിക്കവാറുമെല്ലാം പ്രസിദ്ധീകരണങ്ങളിലും രചനകൾ വെളിച്ചം കണ്ടു. കേരളത്തിലെ അറിയപ്പെടുന്ന മിക്കവാറും കവികളെല്ലാം ഉൾപ്പെട്ടിട്ടുള്ള എഴുത്തൊച്ച എന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനാണ്. കൊടുങ്ങല്ലൂരിലെ എടവിലങ്ങ് സ്വദേശിയും ചക്കരേംപറമ്പിൽ സിദ്ധന്റെയും രമണിയുടെയും മകനുമാണ് കണ്ണൻ സിദ്ധാർത്ഥ്.