തൃശൂർ: എയ്ഡഡ് പദവി ഉൾപ്പെടെ സർക്കാരിന്റെ പ്രഖ്യാപനങ്ങൾ നടപ്പിലാക്കാത്തത് മൂലം ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്‌പെഷൽ സ്‌കൂളുകൾ നിലനിൽപ്പ് ഭീഷണിയിൽ. സൗജന്യ സ്കൂൾ വിദ്യാഭ്യാസം ഭരണഘടനാ അവകാശമാണെങ്കിലും സ്‌പെഷൽ സ്‌കൂളുകളിലെ കുട്ടികൾക്ക് ഇത് ലഭിക്കുന്നില്ല. ജില്ലയിൽ 24 സ്‌പെഷൽ സ്‌കൂളുകളാണ് ഉള്ളത്. നൂറിൽ കൂടുതൽ കുട്ടികളുള്ള സ്‌കൂളുകൾക്ക് എയ്ഡഡ് പദവി നൽകുമെന്നായിരുന്നു രണ്ടുവർഷം മുമ്പ് സർക്കാർ പ്രഖ്യാപനം. 2016ലെ എൽ.ഡി.എഫ്. പ്രകടന പത്രികയിലും ഇക്കാര്യം ഉൾപ്പെടുത്തി. എന്നാൽ സംസ്ഥാനത്ത് ഒരു സ്‌കൂളിനും അംഗീകാരം നൽകിയിട്ടില്ല. ജില്ലയിൽ നൂറിൽ കൂടുതൽ കുട്ടികളുള്ള ആറ് സ്‌കൂളുകളാണ് ഉള്ളത്. സർക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെ 25ന് സെക്രട്ടേറിയറ്റ് മാർച്ച് നടത്താനൊരുങ്ങുകയാണ് സ്‌പെഷൽ സ്‌കൂളുകളിലെ കുട്ടികളും രക്ഷിതാക്കളും. ഇതിന് മുന്നോടിയായി സ്‌പെഷൽ സ്‌കൂൾ എംപ്‌ളോയീസ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി.

ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന എണ്ണായിരത്തോളം കുട്ടികളാണ് സ്‌കൂളുകളിൽ പഠിക്കുന്നത്. സംസ്ഥാനത്ത് ഒരു സ്‌കൂൾ മാത്രമാണ് സർക്കാർ നേരിട്ട് നടത്തുന്നത്. ബാക്കിയെല്ലാം സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലുള്ളതാണ്. സ്ഥാപനങ്ങളുടെ നടത്തിപ്പിനാവശ്യമായ തുകയുടെ നാലിലൊന്ന് പോലും സ്‌കൂളുകൾക്ക് സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്നില്ല. ജില്ലയിൽ മുഴുവൻ സ്‌കൂളുകളിലും വിദ്യാഭ്യാസം സൗജന്യമാണ്. അതേ സമയം സ്‌കൂളുകളിലെത്തിക്കാനുള്ള വാഹനത്തിന് ഫീസ് ഈടാക്കുന്നുണ്ട്. 3,500 രൂപ മുതൽ 7,000 രൂപ വരെയാണ് അദ്ധ്യാപകർക്ക് ലഭിക്കുന്ന ശമ്പളം. സമാന യോഗ്യതയുള്ള അദ്ധ്യാപകർക്ക് എസ്.എസ്.എ, ഐ.ഇ.ഡി.സി, ബഡ്‌സ് തുടങ്ങിയ പദ്ധതികളിൽ 25,000 രൂപയ്ക്ക് മുകളിലാണ് സർക്കാർ ശമ്പളം നൽകുന്നത്. തുല്യജോലിക്ക് തുല്യവേതനം ലഭിക്കുന്നില്ലെന്ന് അദ്ധ്യാപകർ പറയുന്നു.

നേരത്തെ സാമൂഹികനീതി വകുപ്പിന് കീഴിലായിരുന്നു സ്‌പെഷൽ സ്‌കൂളുകൾ. എൽ.ഡി.എഫ്. സർക്കാരാണ് വിദ്യാഭ്യാസ വകുപ്പിലേക്ക് മാറ്റിയത്. കേൾവി-കാഴ്ച വൈകല്യമുള്ള കുട്ടികൾക്കായുള്ള സ്‌പെഷൽ സ്‌കൂളുകൾ സർക്കാർ നേരിട്ടോ എയ്ഡഡായോ ആണ് നടത്തുന്നത്. ഈ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. ഹോസ്റ്റൽ ചെലവ്, യാത്രാ ബത്ത, ബുക്കുകൾ, യൂണിഫോം എന്നിവയും സൗജന്യമാണ്.

ജില്ലയിലെ സ്പെഷൽ സ്കൂളുകൾ 24

നൂറിൽ കൂടുതൽ കുട്ടികളുള്ള സ്പെഷൽ സ്കൂളുകൾ 6

പഠിക്കുന്നത് 8000 ഓളം കുട്ടികൾ

...........................................
നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ പല സ്‌കൂളുകളും നടന്നുപോകുന്നത്. സർക്കാർ പ്രഖ്യാപിച്ച പാക്കേജ് എത്രയും പെട്ടെന്ന് നടപ്പിലാക്കണം- പി.ജെ. തോമസ് (സ്‌പെഷൽ സ്‌കൂൾ എംപ്‌ളോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്).