thukal-sambharana-kendram
തിരുമിറ്റക്കോട് പഞ്ചായത്തിൽ മലയകത്തെ തുകൽ സംഭരണ കേന്ദ്രത്തിൽ അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന തുകൽ

എരുമപ്പെട്ടി: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന തുകൽ സംഭരണ കേന്ദ്രത്തിനെതിരെ ആരോഗ്യ വിഭാഗം അധികൃതർ നടപടി ആരംഭിച്ചു. എരുമപ്പെട്ടിക്ക് സമീപം പാലക്കാട് ജില്ലയിലെ തിരുമിറ്റക്കോട് പഞ്ചായത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന കേന്ദ്രത്തിനെതിരെ പഞ്ചായത്ത് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരാണ് നടപടി ആരംഭിച്ചത്.

തിരുമിറ്റക്കോട് പഞ്ചായത്തിലെ മലയകം വനാതിർത്തിയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ തുകൽ സംഭരണത്തിന് പുറമെ വ്യാപകമായി അറവ് മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇതര സംസ്ഥാനത്ത് നിന്നുള്ളവർ തൊഴിലെടുക്കുന്ന കേന്ദ്രത്തിൽ രാത്രിയുടെ മറവിൽ കാട്ടു പന്നികളെ വേട്ടയാടുന്നതായും പരാതിയുണ്ട്. തികച്ചും വൃത്തിഹീനമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിനെതിരെ നാട്ടുകാർ ആരോഗ്യ വിഭാഗം അധികൃതർക്ക് നൽകിയ പരാതി നടപടിക്കായി റിപ്പോർട്ട് സഹിതം പഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിച്ചിരുന്നതാണ്.

പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ ഉറപ്പ് വൈകിയ സാഹജര്യത്തിലാണ് സ്ഥാപനത്തിന്റെ നടത്തിപ്പിന് മതിയായ രേഖകൾ ഏഴു ദിവസത്തിനകം ഹാജരാക്കാൻ ആരോഗ്യ വിഭാഗം അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചായത്ത് അനുമതി, കെട്ടിട നികുതി തുടങ്ങി അടിസ്ഥാന രേഖകൾ ഏഴു ദിവസത്തിനകം ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം അടച്ചു പൂട്ടണമെന്നും സ്ഥാപനത്തിന്റെ നടത്തിപ്പുകാർക്ക് ആരോഗ്യ വിഭാഗം നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.