para
രാധാകൃഷ്ൻ്റെ വീട്ടിലൊരുക്കിയ ആയിരത്തൊന്ന് പറ

തൃശൂർ: നെല്ല്, അരി, ശർക്കര, പഞ്ചസാര, അവിൽ, ഗോതമ്പ്, ആപ്പിൾ, മുന്തിരി, മാതളം, കുമ്പളം, ചേന, മത്തൻ,നാളീകേരം, വെളിച്ചെണ്ണ, പാൽ, തൈര്,...എല്ലാം ഇനംതിരിച്ച് ആയിരത്തൊന്ന് പറകളിൽ നിറഞ്ഞപ്പോൾ വീട്ടുമുറ്റത്ത് നിറപറച്ചന്തം! വിയ്യൂർ മണലാറുകാവ് ദേവിയുടെ കോമരം ഉറഞ്ഞുതുള്ളി ഓരോ പറയിലും ഉടവാൾ വെച്ച് അനുഗ്രഹിച്ചു. മൂത്തേടത്ത് പറമ്പിൽ രാധാകൃഷ്ണന് നേർച്ച നിറവേറിയതിന്റെ ആത്മനിർവൃതി.

ഒരു വീട്ടിൽ ആയിരത്തൊന്ന് പറ സമർപ്പിക്കുന്നത് ക്ഷേത്രത്തിന്റെ ചരിത്രത്തിലാദ്യം. വാട്ട്സ് ആപ്പിൽ പറയെടുപ്പിന്റെ വീഡിയോയും ഫോട്ടോകളും പാറിപ്പറന്നു.

''മനസിൽ ഒരാഗ്രഹമുണ്ടായിരുന്നു. അതു നിറവേറിയപ്പോൾ ദേവിക്ക് ആയിരത്തൊന്ന് പറ സമർപ്പിച്ചു, അത്രമാത്രം"

പ്രാർത്ഥന പരസ്യമാക്കുന്നതു ശരിയല്ലല്ലോ എന്നും രാധാകൃഷ്ണൻ. ജനുവരി ഏഴിന് വൈകിട്ട് മൂന്നിനായിരുന്നു പറയെടുപ്പ്. കടകളായ കടകൾ മുഴുവൻ ഒാടി നടന്ന് രണ്ടു ലക്ഷത്തിലേറെ രൂപയ്ക്ക് നൂറോളം ഇനങ്ങൾ വാങ്ങിക്കൂട്ടി. ദേശീയ പണിമുടക്കിന്റെ തലേന്നായതിനാൽ പച്ചക്കറിക്കും പഴത്തിനും ഇരട്ടിവില കൊടുക്കേണ്ടിവന്നു. ക്ഷേത്രങ്ങളിലും വീടുകളിലും ചെന്ന് പറകൾ വാങ്ങി. കുറച്ച് വാടകയ്ക്ക് എടുത്തു. ഒരാഴ്ചത്തെ ഒാട്ടപ്പാച്ചിൽ. കാര്യമറിഞ്ഞ് ബന്ധുക്കളും സുഹൃത്തുക്കളും കൂടെനിന്നു. അവർ അഞ്ച് സെന്റ് മുറ്റം നിറയെ പറ ഒരുക്കി.

തൈരും വെളിച്ചെണ്ണയും മറ്റും പാക്കറ്റുകളായിത്തന്നെ പറകളിൽ നിറച്ചു. ശർക്കരയും പഞ്ചസാരയും മൂന്നു ചാക്ക് വേണ്ടിവന്നു. കുറേ ബാക്കിയായി. എല്ലാം ക്ഷേത്രത്തിലേക്കു നൽകി. മേളത്തിന്റെ അകമ്പടിയോടെ, ഒരു മണിക്കൂർ വേണ്ടിവന്നു പറയെടുപ്പ് പൂർത്തിയാക്കാൻ. ആറു വർഷം മുമ്പ് രാധാകൃഷ്ണൻ നൂറ്റൊന്ന് പറ സമർപ്പിച്ചിരുന്നു. വിയ്യൂർ ബാലസംഘം ജംഗ്ഷനിൽ താമസിക്കുന്ന എം.ജി. രാധാകൃഷ്ണൻ ജലസേചന വകുപ്പിൽ ഒാവർസിയറാണ്. ഭാര്യ: പ്രീജ. മക്കൾ: വിഷ്ണു (ബിരുദവിദ്യാർത്ഥി), ഗോപിക (എം.ബി.ബി.എസ്. വിദ്യാർത്ഥി)

.............

ഈശ്വരപ്രീതിയ്ക്ക്

ഈശ്വരപ്രീതിക്കുള്ള വഴിപാടാണ് പറസമർപ്പണം. പറയുടെ മദ്ധ്യത്തിൽ തെങ്ങിൻപൂക്കുല വെയ്ക്കും. തൂശനില അഥവാ നാക്കിലയിൽ വേണം പറ വയ്ക്കാൻ. പറനിറഞ്ഞ് ഇലയിൽ വിതറി വീഴുന്നതുവരെ ഇടണം. ഒാരോ പറയ്ക്കും ഫലസിദ്ധി വ്യത്യസ്തമാണെന്നാണ് വിശ്വാസം.

.................

''മൂന്നൂറോളം വീടുകളിൽ നിന്നാണ് ക്ഷേത്രത്തിലേക്ക് പറയെടുപ്പ് നടത്തുന്നത്. ആദ്യമായാണ് ഇങ്ങനെയാെരു വഴിപാട്. "

എൻ.എൻ. കൃഷ്ണകിഷോർ, സെക്രട്ടറി, വിയ്യൂർ മണലാറുകാവ് ദേവസ്വം