തൃശൂർ: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കേരള കർഷക ക്ഷേമനിധി ബില്ലിൽ കർഷകർക്ക് ഏർപ്പെടുത്തിയ പ്രായപരിധി നീക്കം ചെയ്യണമെന്ന് കർഷക പ്രതിനിധികൾ ഐക്യകണ്ഠേന ആവശ്യപ്പെട്ടു. തൃശൂരിൽ നടന്ന സെലക്ട് കമ്മിറ്റി തെളിവെടുപ്പിലാണ് കർഷകർ ഈ ആവശ്യം ഉന്നയിച്ചത്. കൃഷിമന്ത്രി അഡ്വ. വി എസ് സുനിൽ കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെളിവെടുപ്പിൽ കമ്മിറ്റി അംഗങ്ങളും എം.എൽ.എമാരായ മുരളി പെരുനെല്ലി, അഡ്വ. കെ. രാജൻ, സി.കെ ശശീന്ദ്രൻ, ഡി.ബി മുരളി എന്നിവർ പങ്കെടുത്തു. വിവിധ കർഷക സംഘടനാ പ്രതിനിധികളും കർഷകരും തെളിവെടുപ്പിനെത്തി. കർഷകരുടെ വരുമാനം എന്നത് കൃഷിയിൽ നിന്നുളള വരുമാനം മാത്രമായി കണക്കാക്കണമെന്നും കർഷക വരുമാന സർട്ടിഫിക്കറ്റ് നൽകാനുള്ള അധികാരം കൃഷി ഓഫീസർമാരിൽ നിക്ഷിപ്തമാക്കണമെന്നും ആവശ്യമുയർന്നു. വാർഷിക വരുമാന പരിധി ഒന്നര ലക്ഷത്തിൽ നിന്നും അഞ്ച് ലക്ഷം രൂപയാക്കി ഉയർത്തണമെന്നും ഇൻഷ്വറൻസ് കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്നും പ്രതിനിധികൾ പറഞ്ഞു. ക്ഷേമനിധി നടപ്പിലാക്കുന്നതിന് കാർഷികോത്പന്നങ്ങൾ മൂല്യവർദ്ധിത ഉത്പന്നമാക്കി മാറ്റുമ്പോൾ ഒരു ശതമാനം സെസ് ഏർപ്പെടുത്തണമെന്നും അരിക്ക് കിലോയ്ക്ക് അമ്പത് പൈസ സെസ് ഏർപ്പെടുത്തണമെന്നും അഭിപ്രായമുയർന്നു. കൃഷി എന്നതിൽ നെൽക്കൃഷി എന്ന് വ്യക്തമാക്കണം. കേരകൃഷി, നാണ്യവിളകൾ ഇവയ്ക്ക് പ്രാധാന്യം നൽകണം. മട്ടുപ്പാവ് കൃഷിക്കാരെ കൂടെ പരിഗണിക്കണം. വന്യമൃഗങ്ങളുടെ ശല്യം മൂലം കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരം നൽകാനുളള സംവിധാനം ക്ഷേമനിധിയുടെ ഭാഗമായി ഏർപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും തെളിവെടുപ്പിലുയർന്നു. ബിൽ വിശദമായി പഠിച്ച് അഭിപ്രായമറിയിക്കാൻ ആർക്കും അവകാശമുണ്ടെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ പറഞ്ഞു. ജില്ലാ കളക്ടർ ടി.വി അനുപമ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, നിയമസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.....