hotel
കാഞ്ഞാണിയിൽ ആരോഗ്യവകുപ്പ് അധികൃതർ ഹോട്ടലിൽ പരിശോധന നടത്തുന്നു

മണലൂർ: കാഞ്ഞാണിയിൽ ഹോട്ടലുകളിൽ ആരോഗ്യ വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിൽ ഒരാഴ്ചയിലേറെ പഴക്കമുള്ള ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. രണ്ടു ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഒരു ഹോട്ടൽ അടച്ചു പൂട്ടാൻ നോട്ടീസ് നൽകി. ആരോഗ്യ വകുപ്പ് അധികൃതർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

കാഞ്ഞാണി - അന്തിക്കാട് റോഡിലുള്ള ഹോട്ടലുകളിലാണ് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ കണ്ടെത്തിയത്. കെ- എൽ - 8 എന്ന റസ്റ്റോറന്റാണ് ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചത്. ഇവിടെ നിന്നും വില്പനക്കു വച്ചിരുന്ന ഒരാഴ്ചയിലേറെ പഴക്കമുള്ള ഷവർമ്മ, ഗ്രിൽഡ് ചിക്കൻ, ബീഫ് മുതലായവ പിടിച്ചെടുത്തു. ചൂടാക്കി വിൽപ്പന നടത്താൻ പാകത്തിലാണിവ വച്ചിരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. ഹോട്ടലും പരിസരവും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. കാഞ്ഞാണി സെന്ററ്റിൽ മണലൂർ പഞ്ചായത്തിന്റെ മുക്കിനു താഴെ ലൈസൻസില്ലാതെയാണ് ഈ ഹോട്ടൽ പ്രവർത്തിച്ചിരുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ല. സ്ഥാപനത്തിനാകട്ടെ ആരോഗ്യ വകുപ്പിന്റെ സാനിറ്റേഷൻ സർട്ടിഫിക്കറ്റുമില്ല. തുടർന്നാണ് ഹോട്ടൽ അടച്ചുപൂട്ടാൻ അധികതർ നിർദേശിച്ചത്.

സമീപത്ത് തന്നെയുള്ള ഗോപി ഉണ്ണിക്കണ്ണൻ എന്ന ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ഊണിനൊപ്പം വിളമ്പുന്ന കൂട്ടുകറി, പച്ചടി മുതലായവ അടക്കം ഫ്രീസറിൽ പഴക്കം ചെന്ന് വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ഹോട്ടലിലെ മാലിന്യവും, ജലവും സമീപത്തെ പറമ്പിലേക്ക് ഒഴുകി പരിസര മലിനീകരണം നടക്കുന്ന അവസ്ഥയിലാണ്. ഈ ഹോട്ടലിനും ലൈസൻസും ഹെൽത്ത് കാർഡുമില്ലെന്നും ആരോഗ്യ വകപ്പ് അറിയിച്ചു. വരും ദിവസങ്ങളിൽ മേഖലയിൽ പരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. മണലൂരിലെ ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ബിമൽ കുമാർ, രാജേഷ് കെ.കെ, സജി ,സ്വപ്ന തുടങ്ങിയവർ പരിശോധനക്ക് നേതൃത്വം നൽകി.