ചാലക്കുടി: നഗരസഭയിൽ കൗൺസിൽ ഹാളിന് പുറത്ത് അംഗങ്ങൾ തമ്മിൽ കൈയ്യാങ്കളി. ദേഹോപദ്രവം ഉണ്ടായെന്ന പരാതിയുമായി മൂന്നുപേർ ആശുപത്രിയിൽ ചികിത്സ തേടി. കോൺഗ്രസിലെ മേരി നളൻ, സരള നീലങ്കാട്ടിൽ, ഭരണപക്ഷത്തെ വി.ജെ. ജോജു എന്നിവരാണ് ആശുപത്രിയിലുള്ളത്. ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം നിർമ്മിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചു മാറ്റുന്ന അജണ്ട ചർച്ച ചെയ്യാൻ ചേർന്ന യോഗത്തോട് അനുബന്ധിച്ചായിരുന്നു സംഘർഷം.

കൗൺസിൽ ബഹിഷ്‌കരിച്ചുകൊണ്ട് ഹാളിന് പുറത്തു പ്രതിഷേധിച്ചിരുന്ന പ്രതിപക്ഷാംഗങ്ങളും വി.ജെ. ജോജുവും തമ്മിലായിരുന്നു ബലപ്രയോഗം നടന്നത്. യോഗത്തിനു ശേഷം പുറത്തേക്കു വന്ന ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാറിന് നേരെ പ്രതിപക്ഷം ശബ്ദത്തോടെ മുദ്രാവാക്യം വിളിച്ചു. ഇതിനിടെയായിരുന്നു ജോജു പുറത്തേക്ക് മുദ്രാവാക്യം വിളിച്ചെത്തിയത്. മാദ്ധ്യമ പ്രവർത്തകരുടെ മുന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ച എൽ.ഡി.എഫ് അംഗത്തിന് മുന്നിലേക്ക് ഷിബു വാലപ്പന്റെ നേതൃത്വത്തിലെത്തിയ പ്രതിപക്ഷം തടസം സൃഷ്ടിച്ചു.

തുടർന്ന് ജോജുവും കോൺഗ്രസ് അംഗങ്ങളും നേർക്കുനേർ നിന്ന് മുദ്രാവാക്യം വിളികളായി. ഇതിനിടെയാണ് ഉന്തും തള്ളുമുണ്ടായത്. രംഗം കൈയ്യാങ്കളിയിലേക്ക് വഴുതി വീഴുന്നതിനിടെ വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ എത്തി ഇരു വിഭാത്തേയും അനുനയിപ്പിച്ചു. ഇരുപക്ഷത്തെയും മുതിർന്ന അംഗങ്ങളും രംഗം ശാന്തമാക്കാൻ ഇടപെട്ടു.

തുടർന്ന് ഭരണ - പ്രതിപക്ഷ നേതാക്കൾ വാർത്താ സമ്മേളനം നടത്തി, തങ്ങളുടെ ഭാഗം ന്യായീകരിച്ചു. പിന്നീടാണ് വനിതാ കൗൺസിലർമാരും വി.ജെ. ജോജുവും ആശുപത്രിയിലേക്ക് പോയത്. ഭരണപക്ഷം ചാലക്കുടിയിലെ കായിക പ്രേമികളെ വഞ്ചിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കറുത്ത ബാഡ്ജ് ധരിച്ച് യു.ഡി.എഫ് അംഗങ്ങൾ കൗൺസിൽ ഹാളിന് പുറത്തിരുന്ന് പ്രതിഷേധിച്ചത്. ഇതേത്തുടർന്ന് ഐക്യ കണ്‌ഠേനയാണ് കൗൺസിൽ അജണ്ട പാസാക്കിയത്.

പ്രതിഷേധ പ്രകടനം
വനിതാ കൗൺസിലർമാരെ എൽ.ഡി.എഫ് അംഗങ്ങൾ ആക്രമിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി നഗരത്തിൽ പ്രകടനം നടത്തി. പൊലീസ് സ്റ്റേഷന് സമീപം വരെ നടത്തിയ മാർച്ച് മുൻ എം.എൽ.എ: എം.പി. വിൻസെന്റ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എബി ജോർജ്ജ്, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, മണ്ഡലം പ്രസിഡന്റ് ഷിബു വാലപ്പൻ എന്നിവർ സംസാരിച്ചു.
എൽ.ഡി.എഫ് കൗൺസിലർമാരെ കോൺഗ്രസ് അംഗങ്ങൾ ആക്രമിച്ചെന്ന് ആരോപിച്ച് എൽ.ഡി.എഫ് പ്രവർത്തകൾ നഗരത്തിൽ പ്രകടനം നടത്തി. മുൻ നഗരസഭാ ചെയർമാൻ എം.എൻ. ശശിധരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.എം. വിജയൻ എന്നിവർ നേതൃത്വം നൽകി.