തൃശൂർ: മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിലെ ആരാധനാ അവകാശപ്രശ്നത്തിൽ ജില്ലാ കളക്ടർ വിളിച്ചുചേർത്ത അനുരഞ്ജന ചർച്ചയിൽ നിന്ന് ഇരു വിഭാഗവും പിൻവാങ്ങിയതോടെ പള്ളി പൂട്ടി. വ്യാഴാഴ്ച അർദ്ധരാത്രി ഓർത്തഡോക്‌സ്, യാക്കോബായ വിശ്വാസികൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന്, സമാധാനം പുന:സ്ഥാപിക്കാതെ പള്ളി തുറക്കേണ്ടതില്ലെന്നാണ് തീരുമാനം.
അതേസമയം, കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ ഓർത്തഡോക്‌സ് തൃശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയോസിനെ ഒന്നാം പ്രതിയാക്കി, വൈദികരും വിശ്വാസികളും അടക്കം 140 പേർക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനും കലാപശ്രമത്തിനുമാണ് കേസ്. ഓർത്തഡോക്സ് ഭദ്രാസനാധിപൻ ഉൾപ്പെടെ ഇരു വിഭാഗങ്ങളിലുമായി മുപ്പതോളം പേർ ആശുപത്രികളിൽ ചികിത്സതേടി. പള്ളിയിലുണ്ടായിരുന്ന യാക്കോബായ വിശ്വാസികൾ, കളക്ടറുടെ നിർദേശ പ്രകാരം ചർച്ച നടക്കുന്നതിനിടെ പുറത്തിറങ്ങി. ഇരുവിഭാഗം വിശ്വാസികളിൽ നിന്നും തുടർദിവസങ്ങളിൽ സംഘർഷാവസ്ഥ ഉണ്ടാവില്ലെന്ന് കളക്ടർ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചർച്ചയിൽ പ്രതിനിധികൾ ഒപ്പുവച്ചിട്ടുണ്ട്. സംഘർഷം നടക്കുപ്പോൾ പൊലീസ് യഥാസമയം ഇടപെട്ടില്ലെന്ന് ആക്ഷേപമുണ്ട്. സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര, സീനിയർ ഗവ. പ്ലീഡർ ശ്രീകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ച.
ഒത്തുതീർപ്പിന്റെ താക്കോൽ
1. പള്ളിക്കുള്ളിലെ യാക്കോബായ വിശ്വാസികളെ പുറത്താക്കി പള്ളി പൂട്ടി താക്കോൽ യാക്കോബായ വിഭാഗം കൈവശം വയ്ക്കും
2. ഹൈക്കോടതി വിധി അനുസരിച്ച് പള്ളിയുടെ ഭരണകാര്യങ്ങളിൽ നിന്നും ആരാധനകളിൽ നിന്നും വിട്ടുനിൽക്കുന്നത് സംബന്ധിച്ച് യാക്കോബായ വിഭാഗം 19 ന് ഉച്ചയ്ക്ക് രണ്ടിനു മുമ്പ് ജില്ലാ കളക്ടറെ തീരുമാനം അറിയിക്കണം.
3. ഹൈക്കോടതിയിൽ നിലവിലുള്ള അപ്പീൽ കേസിൽ തീരുമാനം ആകുന്നതുവരെ പള്ളിയിലോ പള്ളിയുടെ പരിസരങ്ങളിലോ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിക്കില്ല.
4.ഹൈക്കോടതി ഉത്തരവിനെ ലംഘിച്ചും ഈ തീരുമാനങ്ങൾക്കെതിരെയും പ്രവർത്തിച്ചാൽ ജില്ലാ ഭരണകൂടം നിയമനടപടി സ്വീകരിക്കും.
സംഘർഷത്തിന്റെ വഴി
പാത്രിയാർക്കിസ് വിഭാഗത്തിനു കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അനുകൂല കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു ഓർത്തഡോക്‌സ് വിഭാഗത്തിന്റെ സമരം. എന്നാൽ ഓർത്തഡോക്‌സുകാരെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗം പള്ളിക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു.
സമരക്കാർ വ്യാഴാഴ്ച രാത്രി പത്തരയോടെ പോകാനൊരുങ്ങുന്നതിനിടെയാണ് അക്രമം ഉണ്ടായത്. ഓർത്തഡോക്‌സ് വിഭാഗം ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചു. പള്ളിക്കുള്ളിൽ നിന്ന് കല്ലേറുണ്ടായപ്പോഴാണ് അകത്തു കയറിയതെന്നാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ വിശദീകരണം. പരസ്പരം കല്ലെറിഞ്ഞതോടെ നിരവധി പേർക്ക് പരിക്കേറ്റു.
'പള്ളിയുടെ അവകാശം സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് ആരു സ്വീകരിച്ചാലും നടപടിയെടുക്കും. ലാ ആൻഡ് ഓർഡർ വയലേഷൻ പ്രകാരമാണ് ഇത്തരം സാഹചര്യങ്ങളിലെ നടപടി".
- ടി.വി. അനുപമ, ജില്ലാ കളക്ടർ