തൃശൂർ: ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്ത് ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ സുനിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. പുത്തൂർ - മാന്ദാമംഗലം റൂട്ടിലോടുന്ന അൽഫോൻസാമ്മ ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. സ്റ്റാൻഡിൽ മുൻഭാഗത്തുള്ള പെട്രോൾ പമ്പിന് സമീപത്തായിരുന്നു അപകടം.
ഒാട്ടോയുടെ മുൻവശം തകർന്നു. ഒരാഴ്ച മുമ്പാണ് ശക്തൻ സ്റ്റാൻഡിൽ ബസിടിച്ച് ചിയ്യാരം തോപ്പ് ചിറ്റിലപ്പിള്ളി ജോസിന്റെ ഭാര്യ മേരി മരിച്ചത്. ശക്തൻ സ്റ്റാൻഡിലെ ബസുകളുടെ പ്രവേശനം സംബന്ധിച്ചും അശാസ്ത്രീയ പാർക്കിംഗ് സംബന്ധിച്ച് നേരത്തെയും പരാതികളുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തുടർച്ചയായി രണ്ട് അപകടങ്ങളുണ്ടായപ്പോൾ ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ ബസുകളുടെ പ്രവേശനവും പാർക്കിംഗും പുന:ക്രമീകരിക്കാൻ തീരുമാനിച്ചിരുന്നു. യാത്രക്കാർക്ക് കടന്നുപോകാനുള്ള ട്രാക്കും യാത്രക്കാർ തലങ്ങും വിലങ്ങും നടക്കുന്ന സാഹചര്യം ഒഴിവാക്കാനും ധാരണയായിരുന്നു.
എന്നാൽ നടപടികളൊന്നും തന്നെ ഉണ്ടായില്ല. ശക്തൻ നഗറിൽ സീബ്രാലൈൻ സംവിധാനം, ഹമ്പുകൾ, വെളിച്ചക്രമീകരണം, ഹമ്പുകളിൽ സ്റ്റഡ് സ്ഥാപിക്കൽ, ബസുകൾക്ക് പാർക്കിംഗിനായി കൂടുതൽ ഇടം, യാത്രക്കാർക്കായി കൃത്യമായ മാർഗനിർദ്ദേശങ്ങൾ, സൂചനാബോർഡ് എന്നിങ്ങനെയുള്ള നിർദ്ദേശങ്ങൾ ചർച്ചയിൽ ഉയർന്നതാണെങ്കിലും കാര്യമായ നടപടികളൊന്നും തന്നെ നടപ്പായില്ലെന്നാണ് ആക്ഷേപം. ശക്തൻ നഗറിലെ സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് ഇടത് കവാടത്തിലൂടെ പ്രവേശിച്ച് വലതു കവാടത്തിലൂടെ പുറത്തേക്കിറങ്ങണമെന്നാണ് ചട്ടം.
എന്നാൽ, ബസുകൾ തോന്നും വിധമാണ് വരുന്നതും പോകുന്നതും. പ്രവേശനക്കവാടത്തിലൂടെ ബസുകൾ വരുമെന്ന് പ്രതീക്ഷിച്ച് കാൽനടക്കാർ ഒരു ഭാഗം മാത്രം ശ്രദ്ധിച്ച് കടന്നുപോകുമ്പോഴായിരിക്കും അതേ വഴിയിലൂടെ ബസുകൾ പുറത്തേക്ക് പോകുന്നത്. തൊട്ടടുത്തെത്തുന്നത് കണ്ട് പരിഭ്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണ് വീണ് പരിക്കേൽക്കുന്നത്. ഇത്തരത്തിൽ നിരന്തര അപകടങ്ങൾ പതിവാണ്. പ്രതിദിനം നൂറ് കണക്കിന് ബസുകളും ആയിരക്കണക്കിന് യാത്രക്കാരും ശക്തൻസ്റ്റാൻഡിൽ വന്നുപോകുന്നുണ്ട്.....