തൃശൂർ: കേരള സംഗീത നാടക അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര നാടകോത്സവമായ ഇറ്റ്‌ഫോക്കിന് ഞായറാഴ്ച തിരിതെളിയും. വൈകിട്ട് സാംസ്‌കാരിക മന്ത്രി എ.കെ. ബാലൻ നാടകോത്സവം ഉദ്ഘാടനം ചെയ്യുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായും സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എട്ട് ദിവസങ്ങളിലായി നടക്കുന്ന നാടകോത്സവത്തിൽ ആറ് വിദേശ നാടകങ്ങളടക്കം 13 നാടകങ്ങളാണ് അരങ്ങിലെത്തുക. ആദ്യ അവതരണത്തിനുള്ള ശ്രീലങ്ക, ഇറാൻ എന്നീ നാടക സംഘങ്ങൾ ഇന്ന് തൃശൂരിലെത്തും. ടിക്കറ്റ് നിരക്ക് 30 ൽ നിന്നും 50 രൂപയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. അക്കാഡമി ഏർപ്പെടുത്തിയിട്ടുള്ള ഈ വർഷത്തെ അമ്മന്നൂർ പുരസ്‌കാരം പ്രശസ്ത നാടക പ്രവർത്തകൻ പ്രസന്നയ്ക്ക് ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി സമ്മാനിക്കും. അക്കാഡമി ചെയർപേഴ്‌സൺ കെ.പി.എ.സി ലളിത അദ്ധ്യക്ഷത വഹിക്കും. ഫെസ്റ്റിവൽ പുസ്തക പ്രകാശനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിക്കും. സംഗീത നാടക അക്കാഡമി സെക്രട്ടറി ഡോ. എൻ. രാധാകൃഷ്ണൻ നായർ , ഫെസ്റ്റിവൽ ഡയറക്ടർ ജി. കുമാരവർമ്മ, ഫെസ്റ്റിവൽ കോർഡിനേറ്റർ ജലീൽ പി. കുന്നത്ത്, പി. മധു, ശ്രീജിത്ത് രമണൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.....