തൃപ്രയാർ : സംരക്ഷണത്തിനും മറ്റും ആരുമില്ലാത്തതിനാൽ ഒറ്റപ്പെട്ട് തെരുവിൽ കഴിയുന്നവർക്ക് പുതപ്പുമായി ജനമൈത്രി പൊലീസെത്തി. മകരമാസത്തിലെ മരം കോച്ചുന്ന തണുപ്പിൽ നിന്നും സംരക്ഷണമൊരുക്കാൻ വലപ്പാട് സ്റ്റേഷൻ പരിധിയിൽ തെരുവിൽ കഴിയുന്നവരിൽ അർഹതപ്പെട്ടവർക്ക് മാത്രമായാണ് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ പുതപ്പുകൾ നൽകിയത്. ഓരോരുത്തരും കിടക്കുന്നിടങ്ങളിൽ നേരിട്ടെത്തി വലപ്പാട് എസ്.എച്ച്.ഒ ടി.കെ. ഷൈജു, എസ്.ഐ അനൂപ് പി.ജി എന്നിവർ പുതപ്പുകൾ നൽകി.
ഷെമീർ എളേടത്ത്, ജയൻ ബോസ്, ഷൈൻ സുരേന്ദ്രൻ, ടി.എസ്. പ്രതീഷ് കുമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. തെരുവിൽ കഴിയുന്ന പലരും ഉടുമുണ്ട് പുതച്ച് തണുപ്പകറ്റാൻ ശ്രമിക്കുന്നത് രാത്രി പട്രോളിംഗിനിറങ്ങിയ പൊലീസ് ഓഫീസർമാരുടെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് പുതപ്പുകൾ നൽകി തത്കാലം തണുപ്പിൽ നിന്നും ഈ പാവങ്ങൾക്ക് സംരക്ഷണം ഒരുക്കാം എന്ന ആശയം ഉണ്ടായതെന്ന് എസ്.എച്ച്.ഒ ടി.കെ ഷൈജു പറഞ്ഞു.....