ചാലക്കുടി : പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകളുടെ പ്രളയാനന്തര അവസ്ഥ പരിശോധിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ ഉന്നതതല ഉദ്യോഗസ്ഥർ ബി.ഡി ദേവസി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചാലക്കുടിയിൽ യോഗം ചേർന്നു. ചെയർമാൻ എൻ.എസ്. പിള്ള അടക്കമുള്ള ഉദ്യോഗസ്ഥർ ഗവ. റസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. ഇരു ഡാമുകളിലും അടിഞ്ഞുകൂടിയ ചളിയും മണലും നീക്കം ചെയ്യുന്നതിന് യോഗത്തിൽ തീരുമാനിച്ചു. ഇതോടെ ഡാമുകളുടെ സംഭരണ ശേഷിയിൽ കാര്യമായ വർദ്ധനവുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പുഴയുടെ നീരൊഴുക്ക് ഉറപ്പു വരുത്തുന്ന വിധത്തിൽ വൈദ്യുതി ഉത്പാദനം ക്രമപ്പെടുത്തണമെന്ന് എം.എൽ.എ യോഗത്തിൽ ആവശ്യപ്പെട്ടു. വെട്ടിവിട്ടകാട് ആദിവാസി കോളനിയിൽ വൈദ്യുതി എത്തിക്കുന്നതിന്റെ മുന്നോടിയായി സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. തുടർന്ന് വനം-പട്ടിക വർഗ്ഗ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ അണ്ടർ കേബിൾ വഴിയാണ് കോളനിയിലേക്ക് വൈദ്യുതി കടത്തി വിടുക. ജനറേഷൻ ആൻഡ് സിവിൽ ഡയറക്ടർ പി.കെ. മണി, ഡാം സേഫ്റ്റി ചീഫ് എൻജിനിയർ കെ. സുമ, അസി.എക്‌സി. എൻജിനിയർ പി. സുരേഷ്‌കുമാർ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗ്ഗീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.ആർ. സുമേഷ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു.....