ഷൊർണ്ണൂരിൽ നിന്ന് തൃശൂർ എത്താൻ 20 മിനിറ്റ്
മടക്കയാത്രയിൽ ഇതേ ദൂരം പിന്നിടാൻ 160 മിനിറ്റ്
തൃശൂർ : യാത്രക്കാർ കൃത്യസമയത്ത് ഒരിടത്തും എത്തേണ്ടെന്ന വാശിയിലാണ് റെയിൽവേ. അമൃതയുടെയും രാജ്യറാണിയുടെയും മടക്കയാത്രകളുടെ സമയദൈർഘ്യത്തിൽ യാത്രക്കാർക്കിടയിൽ അമർഷം പുകയുന്നു. രണ്ട് വണ്ടികൾക്കും ഷൊർണൂരിൽ നിന്നും തൃശൂർ വരെയെത്താൻ 20 മിനിറ്റ്. അതേ വണ്ടികൾ മടങ്ങി അതേ ദൂരം കടക്കുന്നത് 160 മിനിറ്റിലാണ്.
ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ സ്വതന്ത്ര വണ്ടികളായി വേർപിരിഞ്ഞ അമൃതയുടെയും രാജ്യറാണിയുടെയും ഇഴഞ്ഞോട്ടമാണ് പ്രതിഷേധം ഉയർത്തിയത്. ഇതിന് പുറമെ, പാലക്കാട് മധുര മേഖലയിലും അമൃത എക്‌സ്പ്രസിന് ആവശ്യത്തിൽ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്.
യാത്രാ സൗകര്യവും കുറയും
നിലവിൽ രാത്രി 10 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് രാവിലെ 4.20ന് തൃശൂർ കടന്ന് ഉച്ചയ്ക്ക് 1.10ന് മധുരയിൽ എത്തിയിരുന്ന അമൃത എക്‌സ്പ്രസ്, പുതിയ
സമയക്രമമനുസരിച്ച് മേയ് ഒമ്പത് മുതൽ രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട് പുലർച്ചെ 2.30ന് തൃശൂർ കടക്കുമെങ്കിലും ഉച്ചയ്ക്ക് 12.15ന് മാത്രമേ മധുരയിലെത്തൂ.
രാത്രി 8.30ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന 16347 മംഗലാപുരം എക്സ്‌പ്രസ് കഴിഞ്ഞാൽ മേയ് ഒമ്പത് മുതൽ വടക്കോട്ടുള്ള യാത്രക്കാർക്ക് 11.20നുള്ള ചെന്നൈ-ഗുരുവായൂർ മാത്രമാകും പ്രതിദിനം ലഭിക്കുക. യാത്രികരുടെ സൗകര്യാർത്ഥം 16349/16350 കൊച്ചുവേളി നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് നാഗർകോവിൽ/കന്യാകുമാരി വരെ ദീർഘിപ്പിക്കുകയും വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ചാലക്കുടി, അങ്കമാലി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കുകയും ചെയ്യണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. നിലമ്പൂരിന്റെ സവിശേഷത കണക്കിലെടുത്ത് 'ടീക്ക് ടൗൺ രാജ്യറാണി' എക്‌സ്പ്രസ് എന്ന് നാമകരണം ചെയ്യണമെന്ന ആവശ്യവും ശക്തമാണ്.
കോച്ചുകൾ വർദ്ധിപ്പിക്കണം
16343/16344 തിരുവനന്തപുരം-മധുര എക്‌സ്പ്രസും 16349/16350 കൊച്ചുവേളി-നിലമ്പൂർ രാജ്യറാണി എക്സ്‌പ്രസും തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന സമയം വൈകിപ്പിച്ച് 'സ്‌ളാക്ക് ടൈം' പരമാവധി കുറച്ച് നിലമ്പൂരും മധുരയിലും നേരത്തെ എത്തിച്ചേരുന്ന വിധത്തിൽ ക്രമീകരിക്കണം. നിലവിൽ അമൃത എക്‌സ്പ്രസ് 14 കോച്ചുകളുമായും രാജ്യറാണി എക്‌സ്പ്രസ് ഒമ്പത് കോച്ചുകളോടെയുമാണ് ഓടുന്നത്. സ്വതന്ത്ര വണ്ടികളാകുമ്പോൾ പരമാവധി കോച്ചുകളുണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും ഉത്തരവനുസരിച്ച് അമൃതയ്ക്ക് 18ഉം രാജ്യറാണിക്ക് 13ഉം കോച്ചുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇത് വർദ്ധിപ്പിച്ച് അമൃതക്ക് 24ഉം രാജ്യറാണിക്ക് 16 കോച്ചുകളും അനുവദിക്കണം.
(പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ പാസഞ്ചേഴ്‌സ് അസോസിയേഷൻ) ......