shilasthapana-karmam-
കടങ്ങോട് മണ്ടമ്പറമ്പ് ഗവ.എൽ.പി സ്‌കൂളിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മന്ത്രി എ.സി.മൊയ്തീൻ നിർവ്വഹിക്കുന്നു.

എരുമപ്പെട്ടി: കുന്നംകുളം നിയോജക മണ്ഡലത്തിലെ മുഴുവൻ സർക്കാർ സ്‌കൂളുകളിലും ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമ്മിച്ച് നൽകുന്ന പദ്ധതികൾ പൂർത്തീകരിച്ച് വരികയാണെന്നും കോടികളാണ് ഇതിനായി സർക്കാർ വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. മണ്ടംപറമ്പ് ഗവ. എൽ.പി സ്‌കൂളിൽ പുതിയതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന രീതിയിലാണ് സർക്കാർ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമായി സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തി മന്ത്രി എ.സി. മൊയ്തീൻ അനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തിയാണ് സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പി.കെ. ബിജു എം.പി മുഖ്യാതിഥിയായി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ അദ്ധ്യക്ഷത വഹിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി. സുമതി, സ്‌കൂൾ പ്രധാന അദ്ധ്യാപിക ഷെറിൻ ഡേവീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്. നായർ, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജലീൽ ആദൂർ, അഡ്വ. കെ.എം. നൗഷാദ്, കെ.ആർ. സിമി, മെമ്പർ ടി.പി. ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.