മാള: പ്രളയാനന്തര കുഴൂരിന്റെ വീണ്ടെടുപ്പ് ലക്ഷ്യവുമായി കെ.പി.പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാലയും പാറപ്പുറം യുവജനവേദിയും ചേർന്നൊരുക്കിയ വർണ വിസ്മയ കാഴ്ചകളുടെ പൂരമായ അമ്പുഗ്രാമം മിഴിതുറന്നു. തെക്കൻ താണിശേരി സെന്റ് സേവിയേഴ്‌സ് പള്ളിയിലെ അമ്പുതിരുനാളിനോടനുബന്ധിച്ചാണ് അമ്പുഗ്രാമം ഒരുക്കിയത്.
കുഴൂർ സർക്കാർ ഹൈസ്‌കൂൾ മൈതാനത്താണ് യംഗേഴ്സ് ഫെസ്റ്റ് എന്ന പേരിൽ അമ്പുഗ്രാമം ഒരുക്കിയത്. ഈ മാസം 22 വരെയാണ് പ്രദർശനം. ഡാവിഞ്ചി സുരേഷ് ഒരുക്കുന്ന ചലനാത്മക സൃഷ്ടികളുടെ അത്ഭുതലോകം, വിവിധ കലാ-സാംസ്കാരിക പരിപാടികൾ, വളർത്തുപക്ഷി-അലങ്കാര മത്സ്യ പ്രദർശനം, വർണശബളമായ ഘോഷയാത്ര, ദീപാലങ്കാരം, പുഷ്പ-ഭക്ഷ്യ മേളകൾ, അമ്യൂസ്‌മെന്റ് പാർക്ക് തുടങ്ങിയ നിരവധി ഇനങ്ങളാണ് അമ്പുഗ്രാമത്തിലുള്ളത്. പ്രവേശനം സൗജന്യം.
പ്രളയ ഘട്ടത്തിൽ സേവനം ചെയ്ത മാദ്ധ്യമ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും ചടങ്ങിൽ ആദരിക്കും .ഫാ.ആന്റണി പോൾ പറമ്പേത്ത് അമ്പുഗ്രാമം തുറന്നുകൊടുത്തു. കെ.പി. പത്രോസ് വൈദ്യൻസ് കണ്ടംകുളത്തി വൈദ്യശാല മാനേജിംഗ് ഡയറക്ടർ കെ.പി. വിത്സൻ കണ്ടംകുളത്തി, ലിൻസൻ കെ.പോൾ, ഫെബിൻ തെറ്റയിൽ, ഉഷാ സദാനന്ദൻ, കെ.എ. തോമസ് , പി.ആർ. അജിത്ത് കുമാർ, എം.കെ. സുബ്രഹ്മണ്യൻ, വി.വി. അന്തോണി, സി.ഒ. ഡേവിസ് എന്നിവർ സംസാരിച്ചു.