തൃശൂർ: ശബരിമലയിൽ സ്ത്രീകൾ പ്രവേശനം നടത്തിയതിൽ പ്രതിഷേധിച്ച് ജനുവരി രണ്ടിന് ബി.ജെ.പിയുടെയും ശബരിമലകർമ സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ ജാഥയ്ക്കിടയിൽ പൊലീസിന്റെ കാമറ നശിപ്പിച്ചതുൾപ്പെടെയുള്ള ആക്രമണ കേസിൽ പ്രതിയായവരുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സോഫി തോമസ് തളളി.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, കൗൺസിലർമാരായ മഹേഷ്, രാവുണ്ണി, വിശ്വ ഹിന്ദു പരിഷത്തിലെ രാജൻ, സുരേന്ദ്രൻ ഐനിക്കുന്നത്ത്, അഡ്വ. രവികുമാർ ഉപ്പത്ത്, സദാനന്ദൻ, സാജൻ, വിനോദ്, കേശവദാസ്, ചന്ദ്രൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. സ്വരാജ് റൗണ്ട്, നടുവിലാൽ പരിസരം എന്നിവിടങ്ങളിലെ ട്രാഫിക്ക് ബോർഡുകൾ, ഡിവൈഡറുകൾ, ബാരിക്കേഡുകൾ എന്നിവ തകർക്കുകയും മറ്റു പാർട്ടിക്കാരുടെ കൊടിതോരണങ്ങളും കൊടിമരങ്ങളും നശിപ്പിക്കുകയും വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും മാർഗ്ഗതടസം സൃഷ്ടിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെയുള്ള കേസ്. പൊലീസിനെതിരെ പ്രകോപനപരമായി മുദ്രവാക്യങ്ങൾ മുഴക്കുകയും ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ ആക്രമിച്ച് പരിക്കേല്പിച്ച് 40,000 രൂപ വിലവരുന്ന കാമറ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും പൊലീസ് ഉദ്യോഗസ്ഥന്മാരുടെ കൃത്യനിർവ്വഹണത്തിന് തടസ്സം വരുത്തുകയും ചെയ്തുവെന്നതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷനായി ജില്ലാ പബ്‌ളിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.